ഭൂമി തരം മാറ്റം അദാലത്ത് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ

Update: 2024-09-25 02:34 GMT

ഭൂമി തരം മാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി രണ്ടാം ഘട്ട അദാലത്ത് നടത്തുന്നതിന് റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 15 വരെ താലൂക്ക് തലങ്ങളിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബര്‍ 25 ന് സംസ്ഥാന തല ഉദ്ഘാടനം സംഘടിപ്പിക്കും. ഓരോ താലൂക്കിലേയും സമയ ക്രമം നിശ്ചയിക്കുന്നതിന് ലാന്‍റ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി. 25 സെന്‍റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള ഫോം5, ഫോം 6 അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ഇപ്രകാരം അപേക്ഷകള്‍ പോര്‍ട്ടലില്‍ സജ്ജീകരിക്കുന്നതിനായി സംസ്ഥാന ഐടി സെല്ലിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളകട്ര്‍മാരുടെ മേല്‍നോട്ടത്തിലാണ് അദാലത്തുകള്‍ സംഘടിപ്പിക്കുക. അദാലത്തിന് മുന്‍പായി സംസ്ഥാനാടിസ്ഥാനത്തില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍റ് റവന്യൂ കമ്മീഷണര്‍, അഗ്രികള്‍ച്ചറല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. അദാലത്തില്‍ പരിഗണിക്കുന്ന അപേക്ഷകര്‍ക്കുള്ള അറിയിപ്പ് അപേക്ഷയില്‍ രേഖപ്പെടുത്തിയ മൊബൈല്‍ നമ്പറിലേക്ക് പ്രത്യേക സന്ദേശം അയക്കുവാന്‍ നിര്‍ദ്ദേശം നല്കിയിട്ടുള്ളതായി മന്ത്രി അറിയിച്ചു.

തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി 2023 ല്‍ നടത്തിയ ഒന്നാം ഘട്ട അദാലത്തുകള്‍ ആര്‍ഡിഒ ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് നടത്തിയിരുന്നത്. ആ അദാലത്തില്‍ വലിയ തോതില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നു. 2024 സെപ്തംബര്‍ മാസത്തോടു കൂടി സംസ്ഥാനത്തെ 27 ആര്‍ഡിഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കളക്ടര്‍മാര്‍ക്കു കൂടി തരം മാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്‍കി കൊണ്ട് നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആര്‍ഡിഒ മാരും ഡെപ്യൂട്ടി കളക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത്ത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. ഇപ്പോള്‍ തീര്‍പ്പാക്കാനുള്ള രണ്ടര ലക്ഷം അപേക്ഷകളില്‍ വലിയൊരു ശതമാനം അദാലത്തിലൂടെ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Tags:    

Similar News