യുകെയില്‍നിന്ന് മധ്യപ്രദേശിന് 60,000 കോടിയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍

Update: 2024-11-28 12:02 GMT

യുകെയില്‍ നിന്ന് മധ്യപ്രദേശിന് 60,000 കോടി രൂപയുടെ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഹെല്‍ത്ത് കെയര്‍, വ്യവസായം, ഖനനം, സേവന മേഖല, കൃഷി തുടങ്ങിയ വിവിധ മേഖലകളിലാണ് നിക്ഷേപം എത്തുക. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ യുകെ സന്ദര്‍ശനത്തിന് ഒടുവിലാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

മികച്ച പ്രതികരണമാണ് യുകെയില്‍നിന്ന് ലഭിച്ചതെന്ന് യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യുകെയില്‍ ജോലി ചെയ്യുന്ന ആളുകള്‍ക്ക് മധ്യപ്രദേശില്‍ വളരെയധികം താല്‍പ്പര്യമുണ്ടെന്നുംസംസ്ഥാനം മികച്ച നിക്ഷേപം പ്രതീക്ഷിക്കുന്നുവെന്ന് അവര്‍ മനസിലാക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാവസായിക വികസനം ത്വരിതപ്പെടുത്തുന്നതിനെക്കുറിച്ചും സാധ്യമായ സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും യോഗങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ നടന്നു. മധ്യപ്രദേശിലെ അനുകൂല ബിസിനസ് അന്തരീക്ഷത്തെക്കുറിച്ചും നിക്ഷേപത്തിനുള്ള സൗകര്യങ്ങളെക്കുറിച്ചും മുഖ്യമന്ത്രി യാദവ് നിക്ഷേപകരെ അറിയിച്ചു.

വാര്‍വിക്ക് മാനുഫാക്ചറിംഗ് ഗ്രൂപ്പിലെ (ഡബ്ല്യുഎംജി) സന്ദര്‍ശന വേളയില്‍, ഗവേഷണവും അക്കാദമിക് പഠനങ്ങളും സമൂഹത്തിന് ഗുണം ചെയ്യുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അര്‍ത്ഥവത്താകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓട്ടോമോട്ടീവ് മേഖലയില്‍ മധ്യപ്രദേശിന് വലിയ സാധ്യതകളുണ്ടെന്ന് യാദവ് എടുത്തുപറഞ്ഞു. മധ്യപ്രദേശിലെ യുവാക്കള്‍ക്ക് ഡബ്ല്യുഎംജിയില്‍ വൈദഗ്ധ്യം നേടാനുള്ള അവസരങ്ങള്‍ പര്യവേക്ഷണം ചെയ്യാനുള്ള പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. അതോടൊപ്പം സംസ്ഥാനത്തെ പ്രൊഫഷണലുകളെ പരിശീലിപ്പിക്കാന്‍ അവരുടെ വിദഗ്ധരെ ക്ഷണിക്കുകയും ചെയ്തു.സഹകരണം പ്രോത്സാഹിപ്പിക്കുന്നതിന് മധ്യപ്രദേശിലെ സര്‍വകലാശാലകളെയും സാങ്കേതിക സ്ഥാപനങ്ങളെയും ഡബ്ല്യുഎംജിയുമായി അഫിലിയേറ്റ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യും. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ ശാസ്ത്രത്തിലും എഞ്ചിനീയറിംഗിലും നവീകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു മികച്ച ആഗോള മാതൃകയാണ് ഡബ്ല്യുഎംജി എന്നും യാദവ് വിശേഷിപ്പിച്ചു.

ഇന്ത്യ തങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്കാളിയാണെന്നും മുഖ്യമന്ത്രി സര്‍വകലാശാല സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്നും വാര്‍വിക്ക് മാനുഫാക്ചറിംഗ് ഗ്രൂപ്പ് ഡീന്‍ ക്ലാര്‍ക്കുംഅഭിപ്രായപ്പെട്ടു.

Tags:    

Similar News