ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകാമെന്ന് ഐഎംഎഫ്
- യുഎസിന്റെ വ്യാപാര നയത്തെ അടിസ്ഥാനമാക്കി ആഗോളതലത്തില്‍ ചലനങ്ങള്‍ ഉണ്ടാകും
- യൂറോപ്യന്‍ യൂണിയന്‍ സ്തംഭനാവസ്ഥയിലെന്നും ഐഎംഎഫ്
- ചൈന പണപ്പെരുപ്പ സമ്മര്‍ദ്ദവും ആഭ്യന്തര പ്രതിസന്ധികളും നേരിടേണ്ടിവരും
ഈ വര്‍ഷം ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച് മന്ദഗതിയിലാകാമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിയേവ. പ്രധാനമായും യുഎസിന്റെ വ്യാപാര നയത്തെ ചുറ്റിപ്പറ്റിയാണ് ഈ വര്‍ഷം ലോകത്ത് അനിശ്ചിതത്വം പ്രതീക്ഷിക്കുന്നതെന്നും ജോര്‍ജിയേവ കൂട്ടിച്ചേര്‍ത്തു.
2025-ല്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ അല്‍പ്പം ദുര്‍ബലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജോര്‍ജീവ പറഞ്ഞു. എന്നിരുന്നാലും, അവര്‍ അത് കൂടുതല്‍ വിശദീകരിച്ചില്ല. വേള്‍ഡ് എക്കണോമി ഔട്ട്ലുക്ക് അപ്ഡേറ്റ് ആഴ്ചയില്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടാകും.
''ഞങ്ങള്‍ മുമ്പ് പ്രതീക്ഷിച്ചതിലും അല്‍പ്പം മികച്ച നടപടികളാണ് യുഎസ് ചെയ്യുന്നത്, യൂറോപ്യന്‍ യൂണിയന്‍ സ്തംഭനാവസ്ഥയിലാണ്, കൂടാതെ ഇന്ത്യ അല്‍പ്പം ദുര്‍ബലമാണ്,'' അവര്‍ പറഞ്ഞു.
ബ്രസീല്‍ കുറച്ചുകൂടി ഉയര്‍ന്ന പണപ്പെരുപ്പം നേരിടുന്നതായും അവര്‍ വിലയിരുത്തി. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ചൈനയില്‍, അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പണപ്പെരുപ്പ സമ്മര്‍ദ്ദവും ആഭ്യന്തര ഡിമാന്‍ഡുമായി തുടരുന്ന വെല്ലുവിളികളും നിരീക്ഷിക്കുന്നു.
''2025-ല്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് അനിശ്ചിതത്വമാണ്, പ്രത്യേകിച്ച് സാമ്പത്തിക നയങ്ങളുടെ കാര്യത്തില്‍. യുഎസ് നടപ്പാക്കുന്ന നയങ്ങളും ചുമത്തുന്ന താരിഫുകളും പല രാജ്യങ്ങളെയും ബാധിക്കും.
വ്യാപാര നയത്തിന്റെ പാതയില്‍ ഇത് പ്രതിസന്ധി സൃഷ്ടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്. പ്രത്യേകിച്ചും ആഗോള വിതരണ ശൃംഖലകളില്‍.
ജനുവരി 20നാണ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ചൈന, കാനഡ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള പദ്ധതി 78 കാരനായ ട്രംപ് നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. ആഗോള പണപ്പെരുപ്പം തുടരുമെന്നും ഐഎംഎഫ് പ്രതീക്ഷിക്കുന്നു, ജോര്‍ജിയേവ പറഞ്ഞു.