വണ്‍ ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മഹാരാഷ്ട്ര
- 2032 ഓടെ മഹാരാഷ്ട്ര ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് വിലയിരുത്തല്‍
- കഠിനമായി ശ്രമിച്ചാല്‍ ഈ ലക്ഷ്യം 2030-ഓടെ നേടാനാകുമെന്ന് ഫഡ്നാവിസ്
ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ 1 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയുള്ള രാജ്യത്തെ ആദ്യ സംസ്ഥാനമാകുക മഹാരാഷ്ട്രയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. സകല്‍ ന്യൂസ് ഗ്രൂപ്പും പൂനെ പബ്ലിക് പോളിസി ഫെസ്റ്റിവലും (പിപിപിഎഫ്) സംഘടിപ്പിച്ച '1 ട്രില്യണ്‍ ഡോളര്‍ മഹാരാഷ്ട്ര' എന്ന പരിപാടിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.
'2032 ഓടെ മഹാരാഷ്ട്ര ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. അല്‍പ്പം കഠിനമായി ശ്രമിച്ചാല്‍, 2029-2030 ഓടെ ഈ ലക്ഷ്യം കൈവരിക്കാനാകും', ഫഡ്നാവിസ് പറഞ്ഞു.
'മഹാരാഷ്ട്രയെ 1 ട്രില്യണ്‍ ഡോളറിന്റെ ആദ്യ സമ്പദ് വ്യവസ്ഥയാക്കുക എന്നതിനാണ്് ഞങ്ങളുടെ കൂട്ടായ ശ്രമം. മറ്റ് സംസ്ഥാനങ്ങള്‍ വളരെ പിന്നിലാണ്, അവര്‍ ഞങ്ങളോടൊപ്പം എത്താന്‍ സമയമെടുക്കും. ഈ നാഴികക്കല്ലിന് സംസ്ഥാനത്തിന്റെ യുവജന വിഭവശേഷി സംഭാവന ചെയ്യും,' അദ്ദേഹം പറഞ്ഞു.
2029 ഓടെ മിക്ക മേഖലയിലും മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തെത്തും, സംസ്ഥാനം രാജ്യത്തിന്റെ വളര്‍ച്ചാ യന്ത്രമായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.