പകരച്ചുങ്കം മരവിപ്പിച്ചു; എന്നാല്‍ ചൈനക്ക് ഇളവില്ല
- ചൈനീസ് ഇറക്കുമതിയുടെ തീരുവ 125 ശതമാനമായി ഉയര്‍ത്തി
- എന്നാല്‍ എല്ലാരാജ്യങ്ങള്‍ക്കും എതിരായ 10 ശതമാനം അടിസ്ഥാന നികുതി തുടരും
;

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്ന താരിഫ് 90 ദിവസത്തേക്ക് നിര്‍ത്തിവെച്ചു. എന്നാല്‍ ചൈനക്കു മാത്രം ഇളവില്ല. ചൈനീസ് ഇറക്കുമതിയുടെ നികുതി 125 ശതമാനമായി ഉയര്‍ത്തുകയും ചെയ്തു. നിലവില്‍ എല്ലാ രാജ്യങ്ങള്‍ക്കും 10 ശതമാനം അടിസ്ഥാന നികുതി മാത്രമാണ് ഉണ്ടാകുക.
കഴിഞ്ഞ ദിവസമാണ് ആഗോള രാജ്യങ്ങള്‍ക്കെതിരെ യുഎസ് പകരച്ചുങ്കം പ്രഖ്യാപിച്ചിരുന്നത്. ഇത് ഇത് ഒന്‍പതാം തീയതി നടപ്പാകേണ്ടതായിരുന്നു.
ചൈനയോട് അവര്‍ പ്രഖ്യാപിച്ച 34 ശതമാനം ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇത് നിഷേധിച്ച ബെയ്ജിംഗിനെതിരെ വാഷിംഗ്ടണ്‍ താരിഫ് 104 ശതമാനമായി ഉയര്‍ത്തി. അതേ നാണയത്തില്‍ തിരിച്ചടിച്ച ചൈന യുഎസ് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി തീരുവ 84 ശതമാനമാക്കി ഉയര്‍ത്തി. തുടര്‍ന്നാണ് യുഎസിന്റെ നടപടി.
ആഗോളതലത്തില്‍ ഉണ്ടായ സാമ്പത്തിക തകര്‍ച്ചയുടെ ഉത്തരവാദിത്തം യുഎസിനായതിനാല്‍ അതില്‍ നിന്ന് പുറത്തുകടക്കാനും സഖ്യകക്ഷികളെ ഒപ്പം നിര്‍ത്താനും വേണ്ടിയുള്ള നടപടിയായാണ് വിദഗ്ധര്‍ താരിഫ് മരവിപ്പിച്ചതിനെ വിലയിരുത്തുന്നത്. യുഎസില്‍ സാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകും, പണപ്പെരുപ്പം വര്‍ധിക്കും തുടങ്ങിയ കാര്യങ്ങള്‍ ട്രംപിന് ഭീഷണിയായിരുന്നു. യുഎസില്‍ ഉണ്ടാകുന്ന വിലക്കയറ്റം അവരെ സാമ്പത്തിക മാന്ദ്യത്തിലേക്ക് തള്ളിവിടും എന്നത് ഉറപ്പായതിനാലും കൂടിയാകാം താരിഫുകള്‍ താല്‍ക്കാലികമായി മരവിപ്പിച്ചത്.
ചൈന അയല്‍ രാജ്യങ്ങളെ കൂട്ടുപിടിച്ച് പുതിയ നീക്കം തുടങ്ങിയതും ട്രംപിന് തിരിച്ചടിയായിരുന്നു. ആഗോള സമ്പദ് വ്യവസ്ഥകള്‍ ചൈനക്കൊപ്പം അണിനിരന്നാല്‍ ലോകപോലീസ് പട്ടവും അമേരിക്കക്ക് നഷ്ടമാകും. വ്യാപാരം നടക്കാതെവന്നാല്‍ കനത്ത തിരിച്ചടി യുഎസിനുതന്നെയാകും.
അമേരിക്കയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള അഭൂതപൂര്‍വമായ ഒരു വ്യാപാര യുദ്ധത്തെ അമേരിക്കയും ചൈനയും തമ്മിലുള്ള ഒരു ഏറ്റുമുട്ടലിലേക്ക് ഇപ്പോള്‍ ചുരുക്കിയിരിക്കുന്നു. എങ്കിലും അടിസ്ഥാന നികുതിയായ 10 ശതമാനം എല്ലാ രാജ്യങ്ങളും നല്‍കേണ്ടതുണ്ട്. ഇതിലൂടെ യുഎസിന് വളരെ വലിയ വരുമാനം ലഭ്യമാകും. ഇതിനുവേണ്ടിയാണ് വന്‍ നികുതി പ്രഖ്യാപനം ട്രംപ് നടത്തിയത് എന്ന സംശയവും ഇപ്പോള്‍ ബലപ്പെട്ടുവരുന്നു.
പ്രഖ്യാപനത്തിനുശേഷം എസ് & പി 500 ഓഹരി സൂചിക 7 ശതമാനത്തിലധികം ഉയര്‍ന്നിട്ടുണ്ട്. തീരുമാനം ആഗോള വിപമികളിലും പ്രതിഫലിക്കും എന്നാണ് ലഭിക്കുന്ന സൂചന. ലോക സമ്പദ്വ്യവസ്ഥയില്‍ അനിശ്ചിതത്വം നിലനില്‍ക്കാന്‍ കാരണമായേക്കാവുന്ന ചര്‍ച്ചകളില്‍ ഭരണകൂടം ഏര്‍പ്പെടുന്നതിനാല്‍ ട്രംപിന്റെ താരിഫുകളെക്കുറിച്ചുള്ള നാടകം ഇനി നീണ്ടുനില്‍ക്കാനാണ് സാധ്യത.