ചൈനയുടെ കയറ്റുമതിയില്‍ 10.7 ശതമാനം വളര്‍ച്ച
- വ്യാപാര താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് ഈ വളര്‍ച്ച
- ചൈനയിലേക്കുള്ള ഇറക്കുമതിയും ഈ കാലയളവില്‍ വര്‍ധിച്ചു
ഡിസംബറില്‍ ചൈനയുടെ കയറ്റുമതിയില്‍ 10.7 ശതമാനം വളര്‍ച്ച. നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയേക്കാവുന്ന വ്യാപാര താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് ബെയ്ജിംഗ് ഈ നേട്ടം കൈവരിച്ചത്. ഈ സാഹചര്യത്തില്‍ ഫാക്ടറികള്‍ ഓര്‍ഡറുകള്‍ പൂര്‍ത്തീകരിക്കാന്‍ തിരക്ക് കൂട്ടിയതാണ് കയറ്റുമതി പ്രതീക്ഷിച്ചതിലും വേഗത്തില്‍ വളരാന്‍ കാരണം.
ഡിസംബറിലെ കയറ്റുമതി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 10.7% വര്‍ധിച്ചു. ഇറക്കുമതിയും എസ്റ്റിമേറ്റുകളെ മറികടന്നു, 1% വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഇറക്കുമതി 1.5% ചുരുങ്ങുമെന്ന് വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നു.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10% താരിഫ് ഏര്‍പ്പെടുത്തുമെന്നും കയറ്റുമതിക്കാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ യുഎസില്‍ വിലകുറഞ്ഞ രീതിയില്‍ വില്‍ക്കാന്‍ ഉപയോഗിക്കുന്ന ചില പഴുതുകള്‍ അടയ്ക്കുമെന്നും ട്രംപ് മുമ്പ് പ്രഖ്യാപിച്ചിരുന്നു. ഇത് പുതിയവ്യാപാര യുദ്ധത്തിന് വഴിതുറക്കാന്‍ അവസരമൊരുക്കുമെന്നാണ് വിശകലന വിദഗ്ധര്‍ വിലയിരുത്തുന്നത്.