യുഎസ് താരിഫുകള്‍ ഇന്ത്യക്ക് ഭീഷണിയല്ലെന്ന് എസ് ആന്റ് പി

  • അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 6.7-6.8 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കും
  • കേന്ദ്ര ബജറ്റ് വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളത്
  • അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 4.4 ശതമാനത്തിലേക്ക് ചുരുക്കും

Update: 2025-02-19 09:36 GMT

യുഎസ് പരസ്പര താരിഫിന്റെ സ്വാധീനം ഇന്ത്യയില്‍ പരിമിതമായിരിക്കുമെന്ന് എസ് ആന്റ് പി ഗ്ലോബല്‍ റേറ്റിംഗ്സ്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ 6.7-6.8 ശതമാനം ജിഡിപി വളര്‍ച്ച കൈവരിക്കുമെന്നും ഏഷ്യാ-പസഫിക് എസ് ആന്റ് പി ഗ്ലോബല്‍ സോവറിന്‍സ് ആന്‍ഡ് ഇന്റര്‍നാഷണല്‍ പബ്ലിക് ഫിനാന്‍സ് റേറ്റിംഗ്‌സ് ഡയറക്ടര്‍ യീഫര്‍ണ്‍ ഫുവ പറഞ്ഞു.

2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അടുത്ത കുറച്ച് വര്‍ഷത്തേക്ക് വളര്‍ച്ച വര്‍ധിപ്പിക്കാന്‍ ശേഷിയുള്ളതാണ്. നിക്ഷേപാധിഷ്ഠിത വളര്‍ച്ചയിലും കാര്‍ഷിക മേഖലയിലെ പരിഷ്‌കരണങ്ങളിലും സര്‍ക്കാര്‍ വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഔദ്യോഗിക പ്രവചനമനുസരിച്ച്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ നടപ്പ് സാമ്പത്തിക വര്‍ഷം (2024-25) 6.4 ശതമാനമായി വളരും. ഇത് 2023-24-ലെ 8.2 ശതമാനത്തേക്കാള്‍ കുറവാണ്.

ഇന്ത്യയുടെ സാമ്പത്തിക മെട്രിക്സ് വളരെ പോസിറ്റീവായി തുടരുകയാണെന്നും ജിഡിപിയിലേക്കുള്ള നികുതി വരുമാനം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നിലവില്‍ 12 ശതമാനമായി വര്‍ധിച്ചിട്ടുണ്ടെന്നും ഫുവ പറഞ്ഞു.

അടുത്ത സാമ്പത്തിക വര്‍ഷം ധനക്കമ്മി 4.4 ശതമാനം എന്ന നിലയിലേക്ക് സര്‍ക്കാര്‍ ചുരുക്കുമെന്ന് എസ് ആന്റ് പി വിശ്വസിക്കുന്നു. എന്നാല്‍ ധനക്കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നും വിലയിരുത്തലുകളുണ്ട്.

'സെന്‍ട്രല്‍ ബാങ്കില്‍ നിന്നുള്ള വലിയ ലാഭവിഹിതവും മൂലധനച്ചെലവുകളില്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കുറഞ്ഞ ചെലവും കാരണം സര്‍ക്കാര്‍ ആ കമ്മി ലക്ഷ്യങ്ങള്‍ കൈവരിക്കുമെന്നാണ് കരുതുന്നത്. കൂടാതെ, വരുമാനത്തിന്റെയും കമ്മിയുടെയും കാര്യത്തില്‍ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് ശക്തമായ ട്രാക്ക് റെക്കോര്‍ഡുണ്ട്, ''ഫുവ പറഞ്ഞു.

യുഎസ് താരിഫുകള്‍ ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ ഇപ്പോഴും ആഭ്യന്തര അധിഷ്ഠിതമാണെന്നും യുഎസിലേക്കുള്ള കയറ്റുമതിയുടെ സ്വഭാവം സേവനങ്ങളുടെ വശത്താണെന്നും താരിഫുകള്‍ക്ക് സാധ്യത കുറവാണെന്നും ഫുവ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News