ലാഭത്തിലേക്കു പാഞ്ഞ് കൊച്ചി മെട്രോ : 2024 ലെ പ്രവർത്തന ലാഭം 22.94 കോടി രൂപ
തുടർച്ചയായ രണ്ടാം വർഷവും പ്രവർത്തന ലാഭം കൈവരിച്ച് കൊച്ചി മെട്രോ. കഴിഞ്ഞ വർഷമാണ് മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചത്. ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ അഞ്ചിരട്ടിയോളം പ്രവർത്തന ലാഭം വർധിപ്പിക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2022-23 സാമ്പത്തികവര്‍ഷം പ്രവര്‍ത്തനലാഭം 5.35 കോടിയായിരുന്നത് 22.94 കോടിയായി ഉയര്‍ന്നു.
2023-24 സാമ്പത്തിക വർഷം പ്രവർത്തന വരുമാനം 151.30 കോടിയാണെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) അറിയിച്ചു. പ്രവർത്തന ചെലവ് 205.59 കോടി രൂപയുമാണെങ്കിലും 60.31 കോടി രൂപ നോൺ-മോട്ടോറൈസ്ഡ് ട്രാൻസ്പോർട്ട് (എൻഎംടി) ചെലവ് പ്രവർത്തന ചെലവിൽ നിന്ന് ഒഴിവാക്കിയതോടെ യഥാർത്ഥ ചെലവ് 145 കോടി രൂപയാണെന്നും കമ്പനി അറിയിച്ചു. പ്രവർത്തന വരുമാനം 151.30 കോടി രൂപയോടൊപ്പം കൺസൾട്ടൻസി വരുമാനത്തിൽ നിന്നുള്ള 16.93 കോടി രൂപയടക്കം ചേർക്കുമ്പോള്‍ ആകെ വരുമാനം 168.23 കോടി രൂപയാകും. അങ്ങനെ നോക്കുമ്പോള്‍ 2023-24 സാമ്പത്തിക വർഷത്തിൽ കൊച്ചി മെട്രോ 22.94 കോടി രൂപ പ്രവർത്തന ലാഭം നേടിയെന്നും കെ എം ആർ എല്‍ അറിയിച്ചു.
യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവിൽ വലിയ വർധനവുണ്ടാക്കാൻ കൊച്ചി മെട്രോയ്ക്ക് സാധിച്ചു. 2021-22 കാലയളവിൽ 31229 പേരാണ് ശരാശരി ഒരു ദിവസം മെട്രോ ഉപയോഗിച്ചിരുന്നതെങ്കിൽ 2022-23ൽ ഇത് 68168 ആയി വർധിച്ചിരുന്നു. 2023-24 വർഷത്തിൽ വീണ്ടും വലിയ വർധനവ് സൃഷ്ടിച്ചുകൊണ്ട് ശരാശരി 88292 പേർ ഒരു ദിവസം കൊച്ചി മെട്രോയിൽ യാത്ര ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേർ യാത്ര ചെയ്ത നിരവധി ദിവസങ്ങളും ഈ കാലയളവിൽ ഉണ്ടായി.