ഇന്ത്യയുടെ വളര്‍ച്ച കുറയുമെന്ന് നോമുറ
- ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമാകുമെന്നാണ് പ്രവചനം
- സാമ്പത്തിക സൂചകങ്ങള്‍ മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു
- പണപ്പെരുപ്പത്തില്‍ ആശ്വാസമുണ്ടാകാം
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച 6 ശതമാനമായി കുറയുമെന്ന് ആഗോള ഗവേഷണ ഏജന്‍സിയായ നോമുറ. സാമ്പത്തിക സൂചകങ്ങള്‍ മൊത്തത്തിലുള്ള മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും കണ്ടെത്തല്‍.
ഈ സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം നോമുറ 70 ബേസിസ് പോയിന്റ് വെട്ടിക്കുറച്ചു. മാക്രോ ഇക്കണോമിക് സൂചകങ്ങള്‍ മൊത്തത്തിലുള്ള മാന്ദ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്ന് ആഗോള ഗവേഷണ ഏജന്‍സിയായ നോമുറ പറഞ്ഞു.
2025 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.2 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി കുറയുമെന്നും 2026-ല്‍ 5.9 ശതമാനത്തില്‍ സ്ഥിരത നിലനിര്‍ത്തുമെന്നും നോമുറയുടെ ഇക്കണോമിക്സ് ടീം പ്രതീക്ഷിക്കുന്നു. നേരത്തെ, ഈ സാമ്പത്തിക വര്‍ഷം 6.7 ശതമാനവും 2026 സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനവും വളര്‍ച്ചയാണ് ഏജന്‍സി പ്രവചിച്ചിരുന്നത്.
എന്നിരുന്നാലും, പണപ്പെരുപ്പത്തിന്റെ കാര്യത്തില്‍ കുറച്ച് ആശ്വാസം ഉണ്ടായേക്കാം. ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 2025-ല്‍ 4.9 ശതമാനമായും 2026-ല്‍ 4.3 ശതമാനമായി കുറയുമെന്നും നോമുറ പ്രതീക്ഷിക്കുന്നു.
ഉപഭോക്താവിന്റെ വാങ്ങലുകളെ ബാധിക്കാന്‍ സാധ്യതയുള്ള ഭക്ഷണ വിലകളില്‍ ഇപ്പോഴും ചില ആശങ്കകളുണ്ട്. നല്ല മഴയും വിളകളുടെ ഉയര്‍ന്ന വിലയും പലിശനിരക്ക് വെട്ടിക്കുറയ്ക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് ഗ്രാമീണ ഡിമാന്‍ഡില്‍ ഉയര്‍ച്ച ദൃശ്യമാണെന്ന് ഏജന്‍സി പറഞ്ഞു.
2024-ല്‍ കാറുകളും പെയിന്റുകളും പോലുള്ള ഉയര്‍ന്ന ഡിമാന്‍ഡുള്ള വിഭാഗങ്ങള്‍ക്ക് ദുര്‍ബലമായ വളര്‍ച്ചയും ഇരുചക്രവാഹനങ്ങള്‍ക്ക് ശക്തമായ വളര്‍ച്ചയും ഏജന്‍സി പ്രതീക്ഷിച്ചിരുന്നു.