ഇറാനിലെ കല്‍ക്കരി ഖനിയില്‍ വാതക സ്‌ഫോടനം; മരണം വര്‍ധിക്കുന്നു
- ദുരന്തം നടന്നത് ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയില്‍
- ഇറാനിലെ കല്‍ക്കരിയുടെ എഴുപത്തിയാറു ശതമാനവും ഈ മേഖലയില്‍നിന്ന് ലഭിക്കുന്നു
- മീഥേന്‍ കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്ന വാതകമാണ്
ഇറാനിലെ ദക്ഷിണ ഖൊറാസാന്‍ പ്രവിശ്യയിലെ കല്‍ക്കരി ഖനിയില്‍ ഉണ്ടായ വാതക സ്‌ഫോടനത്തില്‍ 51 പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഇറാന്‍ സ്റ്റേറ്റ് മീഡിയ അറിയിച്ചു.
മദഞ്ജൂ കമ്പനി നടത്തുന്ന ഖനിയിലെ ബി, സി എന്നീ രണ്ട് ബ്ലോക്കുകളില്‍ മീഥേന്‍ വാതകം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് മാധ്യമങ്ങള്‍ അറിയിച്ചു.
''രാജ്യത്തെ കല്‍ക്കരിയുടെ എഴുപത്തിയാറു ശതമാനവും ഈ മേഖലയില്‍ നിന്നാണ് നല്‍കുന്നത്, മദഞ്ചു കമ്പനി ഉള്‍പ്പെടെ 8 മുതല്‍ 10 വരെ വന്‍കിട കമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു,'' സൗത്ത് ഖൊറാസാന്‍ പ്രവിശ്യാ ഗവര്‍ണര്‍ അലി അക്ബര്‍ റഹിമി സ്റ്റേറ്റ് ടിവിയോട് പറഞ്ഞു.
ബി ബ്ലോക്കിലെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി. ബ്ലോക്കിലുണ്ടായിരുന്ന 47 തൊഴിലാളികളില്‍ 30 പേര്‍ മരിക്കുകയും 17 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റഹീമി പറഞ്ഞു.
സി ബ്ലോക്കില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ബ്ലോക്കില്‍ മീഥേന്‍ സാന്ദ്രത കൂടുതലാണ്, പ്രവര്‍ത്തനം ഏകദേശം 3-4 മണിക്കൂര്‍ എടുക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഫോടനം നടക്കുമ്പോള്‍ ബ്ലോക്കില്‍ 69 തൊഴിലാളികള്‍ ഉണ്ടായിരുന്നു.
പരിക്കേറ്റ പതിനേഴു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, 24 പേരെ ഇപ്പോഴും കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പ്രാദേശിക സമയം ശനിയ്വ്ച രാത്രി 9 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ അനുശോചനം അറിയിച്ചു.
ഇന്ത്യയില്‍ കല്‍ക്കരി ഖനികളിലെ മിഥേന്‍ വാതകത്തിന്റെ പുറംതള്ളല്‍ അഞ്ചുവര്‍ഷം കൊണ്ട് ഇരട്ടിയിലധികമാകുമെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇത് അപകട സാധ്യത വളരെ വര്‍ധിപ്പിക്കുന്നു എന്നതാണ് ഈ അപകടം കൊണ്ട് വ്യക്തമാകുന്നത്. കൂടാതെ മീഥേന്‍ കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകും. ഇന്ത്യയെപ്പോലെയുള്ള കാര്‍ഷിക രാജ്യത്തിന് അത് താങ്ങാനായി എന്നുവരില്ല.