താരിഫ് വര്‍ധന യുഎസിന് തിരിച്ചടിയാകുമെന്ന് മെക്‌സിക്കോ

  • നാല് ലക്ഷം യുഎസ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് മെക്‌സിക്കോ
  • നികുതിയുദ്ധത്തിന് പകരം പ്രാദേശിക സഹകരണത്തിനും ഏകീകരണത്തിനും മെക്‌സിക്കോയുടെ ആഹ്വാനം
  • യുഎസില്‍ വില്‍ക്കുന്ന പിക്കപ്പ് ട്രക്കുകളില്‍ 88 ശതമാനവും മെക്‌സിക്കോയില്‍ നിര്‍മിക്കുന്നത്

Update: 2024-11-28 04:39 GMT

നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദ്ദേശിച്ച 25 ശതമാനം താരിഫ് പിന്തുടരുകയാണെങ്കില്‍ മെക്സിക്കോ തിരിച്ചടിക്കുമെന്ന് മെക്സിക്കന്‍ പ്രസിഡന്റ് ക്ലോഡിയ ഷെയ്ന്‍ബോം. ''യുഎസ് താരിഫുകള്‍ വന്നാല്‍, മെക്‌സിക്കോയും താരിഫുകള്‍ ഉയര്‍ത്തും,'' ഷെയിന്‍ബോം ഒരു പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇത് നാല് ലക്ഷത്തോളം യുഎസ് തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്നും മെക്‌സിക്കോ മുന്നറിയിപ്പുനല്‍കി.

ഇറക്കുമതി നികുതികളുടെ യുദ്ധത്തിന് പകരം കൂടുതല്‍ പ്രാദേശിക സഹകരണത്തിനും ഏകീകരണത്തിനും മെക്‌സിക്കന്‍ സാമ്പത്തിക മന്ത്രി മാര്‍സെലോ എബ്രാര്‍ഡ് ആഹ്വാനം ചെയ്തു.

താരിഫുകള്‍ യുഎസിന്റെ വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിനും വളര്‍ച്ച കുറയുന്നതിനും മെക്സിക്കോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന യുഎസ് കമ്പനികളെ ബാധിക്കുമെന്നും അവര്‍ അടച്ച നികുതി ഇരട്ടിയാക്കുമെന്നും എബ്രാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

നിര്‍ദ്ദിഷ്ട താരിഫുകള്‍ ഓട്ടോമോട്ടീവ് മേഖലയിലെ മുന്‍നിര അതിര്‍ത്തി കടന്നുള്ള കയറ്റുമതിക്കാരെ ബാധിക്കുമെന്ന് എബ്രാര്‍ഡ് കൂട്ടിച്ചേര്‍ത്തു. അതായത് ഫോര്‍ഡ്, ജനറല്‍ മോട്ടോഴ്സ്, സ്റ്റെല്ലാന്റിസ് തുടങ്ങിയ കമ്പനികളെ പ്രധാനമായും ബാധിക്കും.

യുഎസില്‍ വില്‍ക്കുന്ന പിക്കപ്പ് ട്രക്കുകളില്‍ 88 ശതമാനവും മെക്‌സിക്കോയില്‍ നിര്‍മിച്ചതാണെന്നും വിലയില്‍ വര്‍ധനയുണ്ടാകുമെന്നും എബ്രാഡ് അഭിപ്രായപ്പെട്ടു. ട്രംപിന് വന്‍തോതില്‍ വോട്ട് ചെയ്ത ഗ്രാമപ്രദേശങ്ങളില്‍ ഈ വാഹനങ്ങള്‍ ജനപ്രിയമാണ്.

ഈ വാഹനങ്ങളുടെ ശരാശരി വില 3,000 ഡോളര്‍ വര്‍ധിക്കുമെന്നാണ് ഞങ്ങളുടെ കണക്ക്,' എബ്രാര്‍ഡ് പറഞ്ഞു.

ഷെയ്ന്‍ബോമും ട്രംപും ബുധനാഴ്ച ഫോണില്‍ സംസാരിച്ചു, ഇരുവരും ട്രംപിന്റെ അജണ്ടയിലെ പ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. 'മെക്‌സിക്കോയിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ ഷെയിന്‍ബോം സമ്മതിച്ചു, ഞങ്ങളുടെ ദക്ഷിണ അതിര്‍ത്തി ഫലപ്രദമായി അടച്ചു', തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലെ ഒരു പോസ്റ്റില്‍ ട്രംപ് പറഞ്ഞു. ബുധനാഴ്ചത്തെ സംഭാഷണത്തിനുശേഷം മണിക്കൂറുകള്‍ക്ക് ശേഷമുള്ള ട്രേഡിംഗില്‍, മെക്‌സിക്കോയുടെ പെസോ ഡോളറിനെതിരെ ഏകദേശം 1 ശതമാനം വരെ ശക്തി പ്രാപിച്ചു.

പല വിശകലന വിദഗ്ധരും ട്രംപിന്റെ താരിഫ് ഭീഷണികളെ വ്യാപാര നയത്തേക്കാള്‍ കൂടുതല്‍ ചര്‍ച്ചാ തന്ത്രമായി കണക്കാക്കുന്നു.

മെക്‌സിക്കോയുടെ ഓട്ടോമോട്ടീവ് വ്യവസായം രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട നിര്‍മ്മാണ മേഖലയാണ്. പ്രധാനമായും അമേരിക്കയിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. വടക്കേ അമേരിക്കന്‍ വാഹന ഉല്‍പ്പാദനത്തിന്റെ ഏതാണ്ട് 25 ശതമാനവും ഇത് പ്രതിനിധീകരിക്കുന്നു. ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസങ്ങളില്‍ യുഎസ് എംസിഎ വ്യാപാരം 1.78 ട്രില്യണ്‍ ഡോളറായിരുന്നുവെന്ന് എബ്രാഡ് പറഞ്ഞു. 

Tags:    

Similar News