പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 രജിസ്ട്രേഷന്‍ ആരംഭിച്ചു; അറിയാം യോഗ്യതയും മാനദണ്ഡങ്ങളും
പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീം 2025 ന്റെ രജിസ്‌ട്രേഷന്‍ നടപടികൾ ആരംഭിച്ചു. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ ആയ pminternship.mca.gov.in സന്ദര്‍ശിച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. അപേക്ഷാ ഫോമുകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 12 ആണ്.
10-ാം ക്ലാസ് അല്ലെങ്കില്‍ 12-ാം ക്ലാസ് യോഗ്യത പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും ബിരുദ, ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. അപേക്ഷകര്‍ 21 നും 24 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.
ഇന്ത്യയിലെ മികച്ച 500 കമ്പനികളിലെ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരങ്ങള്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് പ്രൈം മിനിസ്റ്റേഴ്സ് ഇന്റേണ്‍ഷിപ്പ് സ്‌കീം. അഞ്ച് വര്‍ഷത്തിനുള്ളില്‍ യുവാക്കള്‍ക്ക് ഒരു കോടി ഇന്റേണ്‍ഷിപ്പുകള്‍ വാഗ്ദാനം ചെയ്യുക എന്നതാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. പിഎം ഇന്റേണ്‍ഷിപ്പ് സ്‌കീമിന് കീഴിലുള്ള ഇന്റേണ്‍ഷിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് (12 മാസം) ആയിരിക്കും.12 മാസത്തെ ഇന്റേണ്‍ഷിപ്പിന്റെ മുഴുവന്‍ കാലയളവിലേക്കും ഓരോ ഇന്റേണിനും 5,000 രൂപ പ്രതിമാസം സഹായം ലഭിക്കും. അപേക്ഷ സമർപ്പിക്കുന്നവരുടെ മുൻഗണനകളും കമ്പനികൾ നിർദ്ദേശിക്കുന്ന ആവശ്യകതകളും യോഗ്യതകളും അടിസ്ഥാനമാക്കിയായിരിക്കും ഇന്റേൺഷിപ്പിന് തിരഞ്ഞെടുക്കപ്പെടുന്നവരെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുക.