കയർ, കൈത്തറി, കശുവണ്ടി കോൺക്ലേവ് ഏപ്രിലിൽ

Update: 2025-03-05 12:57 GMT

സംസ്ഥാനത്തെ പരമ്പരാഗത വ്യവസായങ്ങളായ കയർ, കൈത്തറി, കശുവണ്ടി മേഖലകളുടെ ഭാവി വികസനം ലക്ഷ്യമിട്ട് വ്യവസായ വകുപ്പ് കോൺക്ലേവ് സംഘടിപ്പിക്കും. മൂന്ന് മേഖലകളിലും നിലവിലുള്ള വെല്ലുവിളികളെ മറികടന്ന് നവീകരണവും ആധുനികീകരണവും ലക്ഷ്യമിട്ടുള്ള പദ്ധതികൾക്ക് രൂപം നൽകുകയാണ് കോൺക്ലേവിൻ്റെ ലക്ഷ്യം. സർക്കാർ ഈ മേഖലകൾക്കായി നിയോഗിച്ച വിദഗ്ധ സമിതി ശുപാർശകളുടെ അടിസ്ഥാനത്തിൽ തുടർ പരിപാടികൾ ആവിഷ്കരിക്കും. ഈ മേഖലകളുടെ ഭാവി വികസനത്തിൽ നിർണായക ചുവടു വെയ്പ് കുറിക്കുന്നതാവും കോൺക്ലേവ് എന്ന് വ്യവസായ മന്ത്രി പി.രാജീവ് പറഞ്ഞു.

ഓരോ മേഖലകളും കേന്ദ്രീകരിച്ച് സംസ്ഥാനത്തെ 3 കേന്ദ്രങ്ങളിലായി പ്രത്യേക കോൺക്ലേവുകൾ സംഘടിപ്പിച്ച ശേഷം ഏപ്രിലിൽ ആലപ്പുഴയിലായിരിക്കും സംയുക്ത കോൺക്ലേവ്. ആദ്യഘട്ടത്തിൽ കയർ കോൺക്ലേവ് ആലപ്പുഴയിലും, കശുവണ്ടി മേഖലയുടെ കോൺക്ലേവ് കൊല്ലത്തും കൈത്തറി കോൺക്ലേവ് കണ്ണൂരിലും നടക്കും. ഇതിനു ശേഷം മൂന്ന് മേഖലകളുടേയും സംയുക്ത കോൺക്ലേവ് ഏപ്രിൽ അവസാനവാരം ആലപ്പുഴയിൽ നടക്കും.

മൂന്ന് മേഖലകളിലേയും വിദഗ്ധർ, ഉദ്യോഗസ്ഥർ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി ഉൾപ്പെടെയുള്ള പ്രധാന സ്ഥാപനങ്ങൾ, വ്യവസായികൾ, കയറ്റുമതിക്കാർ, ട്രേഡ് യൂണിയനുകൾ, വിജയകരമായ അനുഭവങ്ങൾ പങ്കു വക്കുന്ന സംരംഭകർ, ഗവേഷണ സ്ഥാപനങ്ങൾ, വാൾമാർട്ട് ഉൾപ്പെടെയുള്ള വിപണന - ഓൺലൈൻ വിൽപന സ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ കോൺക്ലേവിൽ പങ്കെടുക്കും. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതികളുടെ ശുപാർശകളുടെ അടിസ്ഥാനത്തിൽ ഓരോ മേഖലയിലും നവീകരണ പദ്ധതികൾ ആവിഷ്കരിച്ചു വരികയാണ്. ഇതിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കോൺക്ലേവ് പരമ്പരാഗത മേഖലയുടെ വെല്ലുവിളികൾ അതിജീവിക്കാനുള്ള പദ്ധതികൾക്ക് രൂപം നൽകുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു.

Tags:    

Similar News