മാസത്തില്‍ 10 ദിവസം ഓഫീസില്‍; ജീവനക്കാരോട് ഇന്‍ഫോസിസ്

ജീവനക്കാരുടെ കാര്യക്ഷമതയും സഹകരണവും ഉറപ്പാക്കാനാണ് ഈ നീക്കം.

Update: 2023-11-01 13:57 GMT


രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ് വേര്‍ സര്‍വീസ് കയറ്റുമതിക്കാരായ ഇന്‍ഫോസിസ് ജീവനക്കാരോട് മാസത്തില്‍ 10 ദിവസം ഓഫീസില്‍ വന്ന് ജോലി ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു. ജീവനക്കാരുടെ കാര്യക്ഷമതയും സഹകരണവും ഉറപ്പാക്കാനാണ് ഈ നീക്കം.

എന്‍ട്രി ലെവല്‍ മുതല്‍ മിഡ് ലെവല്‍ വരെയുള്ള റോളുകളില്‍ ജോലി ചെയ്യുന്ന ചില ജീവനക്കാരോടാണ് നവംബര്‍ 20 മുതല്‍ കുറച്ച് ദിവസങ്ങളില്‍ ഓഫീസില്‍ വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. കോവിഡ് കാലം മുതല്‍ ജീവനക്കാര്‍ക്ക് ഓഫീസില്‍ വരാതെ ജോലി ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. മറ്റു ജീവനക്കാര്‍ക്ക് അങ്ങനെ തന്നെ തുടരാനുള്ള അനുമതിയുണ്ട്.

ഇന്‍ഫോസിസ് സഹ സ്ഥാപകന്‍ നാരായണ മൂര്‍ത്തി ഇന്ത്യയിലെ യുവത ആഴ്ച്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന പരാമര്‍ശം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

കമ്പനിയുടെ ആഗോള തലത്തിലുള്ള എതിരാളികളെ പിന്തുടര്‍ന്നാണ് തൊഴിലാളികളോട് ഓഫീസിലേക്ക് തിരികെ എത്തണമെന്ന് ആവശ്യപ്പെടുന്നത്.ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനുള്ള ശ്രമം കൂടിയാണിത്. ഒക്ടോബര്‍ 12 ന് പാദഫലം പ്രഖ്യപിച്ചപ്പോള്‍ കമ്പനി നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ വില്‍പ്പന അനുമാനം വെട്ടിക്കുറയ്ക്കുകയും ചില നിയമനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.

കമ്പനിയുടെ ഇന്ത്യയിലെ എതിരാളിയായ ടിസിഎസ് ഒക്ടോബര്‍ ഒന്നു മുതല്‍ ആഴ്ച്ചയില്‍ അഞ്ച് ദിവസം ജീവനക്കാരോട് ഓഫീസില്‍ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആമസോണ്‍, ആല്‍ഫബെറ്റ് ഇങ്ക് തുടങ്ങിയ സ്ഥാപനങ്ങളും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

ഇന്‍ഫോസിസ് നിലവില്‍ സൗകര്യപ്രദമായ ഇടങ്ങളില്‍ തൊഴില്‍ ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ടെങ്കിലും കൂടുതല്‍ ജീവനക്കാര്‍ ഓഫീസിലേക്ക് മടങ്ങിയെത്തുന്നുണ്ടെന്ന് ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

Tags:    

Similar News