5 കോടി വാര്‍ഷിക വിറ്റുവരവിന് ഇനി ഇ-ഇന്‍വോയ്സ് നിര്‍ബന്ധം
- നടപ്പാക്കുന്നത് ഓഗസ്റ്റ് 1 മുതല്‍
- നിലവിലെ പരിധി 10 കോടി രൂപ
- ജിഎസ്‍ടിഎന്‍ സജ്ജീകരിക്കുന്നു
ജിഎസ്‍ടി-യുടെ ഭാഗമായി ഇ-ഇൻവോയ്‌സ് സൃഷ്ടിക്കുന്നതിനുള്ള, മൊത്തം വാര്‍ഷിക വിറ്റുവരവ് പരിധി 5 കോടി രൂപയായികുറച്ചുകൊണ്ട് സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്‌ട് ടാക്‌സസ് ആൻഡ് കസ്റ്റംസ് (സിബിഐസി) ഉത്തരവിട്ടു. 2023 ഓഗസ്റ്റ് 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. നിലവില്‍ 10 കോടി രൂപയോ അതിനു മുകളിലോ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസുകള്‍ മാത്രമാണ് ഇ-ഇന്‍വോയ്സ് സമര്‍പ്പിക്കേണ്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ചേര്‍ന്ന ജിഎസ്‍ടി കൗണ്‍സില്‍ യോഗം തന്നെ ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍വെച്ചിരുന്നു. ജനുവരി 1 മുതല്‍ 5 കോടിക്ക് മുകളില്‍ വിറ്റുവരവുള്ള ബിസിനസുകള്‍ ഇ- ഇന്‍വോയ്സ് സമര്‍പ്പിക്കണമെന്നായിരുന്നു ജിഎസ്‍ടി കൗണ്‍സിലിന്‍റെ നിര്‍ദേശം. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ആ ഘട്ടത്തില്‍ പുറത്തിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായില്ല.
നികുതി വരുമാനത്തിലെ ചോര്‍ച്ച തടയുന്നതിനും നികുതിപാലനം കൂടുതല്‍ സുഗമമാക്കുന്നതിനും ഈ നടപടി സഹായകമാകുമെന്നാണ് ജിഎസ‍്‍ടി ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നത്. വലിയതോതില്‍ ഇടപാടുകള്‍ ഡിജിറ്റലൈസ് ചെയ്യുക, വിൽപ്പന റിപ്പോർട്ടിംഗിലെ വ്യക്തത ഉയര്‍ത്തുക, പിശകുകളും പൊരുത്തക്കേടുകളും കുറയ്ക്കുക, ഡാറ്റാ എൻട്രി ജോലികള്‍ ഓട്ടോമേറ്റ് ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളും ഇ-ഇന്‍വോയ്സ് പരിധി കുറച്ചതിനു പിന്നിലുണ്ട്.
പുതിയ മാറ്റത്തിനായി ജിഎസ്‍ടി നെറ്റ്‍വര്‍ക്ക് സജ്ജീകരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. 3-4 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാകും. നേരത്തേ ഇന്‍വോയ്സുകള്‍ അപ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വ്യാപകമായ തകരാറുകള്‍ ജിഎസ്‍ടിഎനില്‍ ഉണ്ടായിരുന്നു. ഇന്‍വോയ്സുകളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടായേക്കാം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധന നടപ്പിലാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ സമയം നല്‍കിയിട്ടുള്ളത്.
2020 ഒക്‌ടോബറിലാണ് ജിഎസ്ടി ഇ-ഇൻവോയ്‌സിംഗ് (ഇലക്‌ട്രോണിക് ബില്ലിംഗ്) സമ്പ്രദായം ആരംഭിച്ചത്. 500 കോടി രൂപയോ അതിൽ കൂടുതലോ വിറ്റുവരവുള്ള കമ്പനികൾക്കായിരുന്നു തുടക്കത്തില്‍ ഇത് നിര്‍ബന്ധമാക്കിയിരുന്നത്. പിന്നീട് ഈ പരിധി 100 കോടി രൂപയാക്കി കുറച്ചു,2021ല്‍ പരിധി 50 കോടി രൂപയായും 2022ല്‍ 10 കോടി രൂപയായും കുറച്ചു.
ബിസിനസുകള്‍ ഇന്‍റേണല്‍ സിസ്റ്റത്തിലോ ബില്ലിംഗ് സോഫ്‌റ്റ്‌വെയറിലോ ഇൻവോയ്‌സുകൾ ജനറേറ്റ് ചെയ്യുകയും തുടർന്ന് ഇൻവോയ്‌സ് രജിസ്‌ട്രേഷൻ പോർട്ടലിലേക്ക് (ഐആർപി) അപ്‍ലോഡ് ചെയ്യുകയും വേണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ഐടിസി) ലഭിക്കുന്നതിന് ഇത് അനിവാര്യമാണ്.