ഭാരതി എയര്‍ടെല്‍ നാലാം പാദ അറ്റാദായം 31% കുറഞ്ഞ് 2,072 കോടി രൂപയായി
- കമ്പനിയുടെ ഏകീകൃത വരുമാനം 4.4 ശതമാനം വര്‍ധിച്ച് 37,599 കോടി രൂപയായി
- കമ്പനിയുടെ ഏകീകൃത അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 2,072 കോടി രൂപയായി
- എബിറ്റ്ഡ മാര്‍ജിനുകള്‍ 10 ബേസിസ് പോയിന്റുകളുടെ നേരിയ ഇടിവ് നേരിട്ടു
ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലിന്റെ നാലാം പാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. കമ്പനിയുടെ ഏകീകൃത അറ്റാദായം 31 ശതമാനം ഇടിഞ്ഞ് 2,072 കോടി രൂപയായി.
കമ്പനിയുടെ ഏകീകൃത വരുമാനം 4.4 ശതമാനം വര്‍ധിച്ച് 37,599 കോടി രൂപയായി.
ഇന്ത്യയിലെ കമ്പനിയുടെ വരുമാനം 1.7% വര്‍ദ്ധിച്ചു. എബിറ്റ്ഡ മാര്‍ജിന്‍ 54.1% ആയി വര്‍ദ്ധന രേഖപ്പെടുത്തി. നൈജീരിയന്‍ കറന്‍സിയായ നയാരയുടെ മൂല്യത്തകര്‍ച്ചയാണ് ഏകീകൃത പ്രകടനത്തെ പ്രധാനമായും ബാധിച്ചതെന്ന് ഭാരതി എയര്‍ടെല്‍ എംഡി ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
ഭാരതി എയര്‍ടെല്‍ 2023-24 സാമ്പത്തിക വര്‍ഷത്തിന്റെ മാര്‍ച്ച് പാദത്തില്‍ 2,072 കോടി രൂപയുടെ ഏകീകൃത അറ്റാദായം റിപ്പോര്‍ട്ട് ചെയ്തു. ഇത് മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 31.1 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍, ഏകീകൃത എബിറ്റ്ഡ മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ രേഖപ്പെടുത്തിയ 18,807 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ 4 ശതമാനം വര്‍ധിച്ച് 19,590 കോടി രൂപയിലെത്തി. എന്നിരുന്നാലും, എബിറ്റ്ഡ മാര്‍ജിനുകള്‍ 10 ബേസിസ് പോയിന്റുകളുടെ നേരിയ ഇടിവ് നേരിട്ടു.
2023-24 സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ണ്ണമായി പണമടച്ചുള്ള ഒരു ഓഹരിക്ക് 8 രൂപയും ഭാഗികമായി അടച്ച ഇക്വിറ്റി ഷെയറിന് 2 രൂപയും ബോര്‍ഡ് അന്തിമ ലാഭവിഹിതം നിര്‍ദ്ദേശിച്ചിട്ടുണ്ട്.