ഇന്ന് വരെ കാണാത്ത ജനകീയ ലേലം ! ഒരു ആടിന് വില 3.11 ലക്ഷം രൂപ, കോഴിക്ക് നാലായിരം രൂപ
ഉറക്കമുണർന്നിരുന്ന് ലേലം വിളിച്ച് ഒരു നാട്
ഇടുക്കി മേലേചിന്നാറിൽ കഴിഞ്ഞ ദിവസം നടത്തിയ ജനകീയ ലേലത്തിലാണ് ആടിനും കോഴിക്കും വൻ വില ലഭിച്ചത്. കാൻസർ ബാധിതനായ യുവാവിന്റെ ചികിത്സയ്ക്കു പണം കണ്ടെത്താനായാണ് ലേലം സംഘടിപ്പിച്ചത്. ഇതിനായി ലേലം വിളിച്ച ആടിന് ലഭിച്ചത് 3.11 ലക്ഷം രൂപയാണ്. കോഴിക്ക് നാലായിരം രൂപയും. രാത്രി 9.30ന് ആരംഭിച്ച ജനകീയ ലേലം പുലർച്ചെ നാലുമണി വരെ നീണ്ടുനിന്നു.
മാതാപിതാക്കളും ഭാര്യയും മൂന്നു ആൺ മക്കളുമടങ്ങുന്നതാണ് നാൽപ്പത്തിരണ്ടുകാരനായ യുവാവിന്റെ കുടുംബം. പെയ്ന്റിങ് ജോലി ചെയ്ത് മുന്നോട്ടുപോയിരുന്ന യുവാവിന് ഒരുവർഷം മുൻപാണ് കാൻസർ സ്ഥിരീകരിച്ചത്. തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സ ആരംഭിച്ചു. നിലവിൽ ആഴ്ചയിൽ ഒരുതവണ കീമോ ചെയ്താണ് മുന്നോട്ടു പോകുന്നത്. രോഗം ബാധിച്ചതോടെ പെയിന്റിങ് ജോലി ചെയ്യാൻ കഴിയാതെ വന്നതോടെ സുമനസ്സുകളുടെ സഹായത്തോടെ വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ചാണ് മുന്നോട്ടു പോകുന്നത്. ഇപ്പോൾ വാഹനം ഓടിക്കുന്നതും ബുദ്ധിമുട്ടായിരിക്കുകയാണ്. മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. അതിനായി 20 ലക്ഷത്തോളം രൂപ കണ്ടെത്തണം.
നിർധന കുടുംബത്തിന് ഈ തുക കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയായതിനാൽ നാട്ടുകാർ സഹായനിധി രൂപീകരിച്ച് പണം സ്വരൂപിക്കാനുള്ള ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് ജനകീയ ലേലം നടത്തിയത്. ഇനി 15 ലക്ഷത്തിലധികം രൂപ കൂടി കണ്ടെത്തണം. നാടിന്റെയൊന്നാകെയുള്ള പിന്തുണ കൂടി ലഭിച്ചെങ്കിൽ മാത്രമേ ആവശ്യമായ തുക കണ്ടെത്താൻ സാധിക്കുകയുള്ളൂ. ബഥേൽ സെന്റ്. ജോസഫ് പള്ളി വികാരി ഫാ. സക്കറിയ കുമ്മണ്ണൂപ്പറമ്പിൽ ചെയർമാനും സജി പേഴത്തുവയലിൽ കൺവീനറും നെടുങ്കണ്ടം പഞ്ചായത്തംഗം രാജേഷ് ജോസഫ് കോഓർഡിനേറ്ററുമായാണ് ചികിത്സാ സഹായനിധി കമ്മിറ്റി പ്രവർത്തിക്കുന്നത്. സഹായം പ്രതീക്ഷിച്ച് ഫെഡറൽ ബാങ്ക് നെടുങ്കണ്ടം ശാഖയിൽ ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
A/C no: 1018 0100 3052 65
ifsc code: FDRL0001018
G Pay no: 6238911275