'അംബാനിയുടെ കമ്പനിയില്‍ 60 കോടി നിക്ഷേപിച്ചു' കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശന്‍

Update: 2025-01-02 06:42 GMT

കേരള ഫിനാൻഷ്യൽ കോർപ്പറേഷനെതിരെ അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടാറായ അനില്‍ അംബാനിയുടെ റിലയന്‍സ് കമേഴ്‌സ് ഫിനാന്‍ഷ്യല്‍ ലിമിറ്റഡില്‍ 2018ല്‍ കെഎഫ്‌സി 60 കോടി 80 ലക്ഷം രൂപ നിക്ഷേപിച്ചെന്നും ഇതുമൂലം സംസ്ഥാനത്തിന് പലിശയടക്കം 101 കോടി രൂപ നഷ്ടമായെന്നും വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2018ലാണ് പണം നിക്ഷേപിച്ചത്. 2015 മുതൽ അനിൽ അംബാനിയുടെ ആ‍ർസിഎഫ്എൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിലായിരുന്നു കെഎഫ്സി നിക്ഷേപം നടത്തിയത്. 2019ൽ ആ‍ർസിഎഫ്എൽ പൂട്ടി. ഇതോടെ കെഎഫ്സിയ്ക്ക് തിരിച്ച് കിട്ടിയത് 7 കോടി 9 ലക്ഷം രൂപമാത്രമാണെന്നും പലിശ അടക്കം തിരിച്ച് കിട്ടേണ്ടിയിരുന്നത് 101 കോടി രൂപയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 

സംസ്ഥാനത്ത് ഇടത്തരം സംരംഭങ്ങൾക്ക് കിട്ടേണ്ട തുകയാണ് അംബാനി കമ്പനിയിൽ നിക്ഷേപിച്ചത്. പുറത്ത് ഒരു കമ്പനിയിൽ നിക്ഷേപ നടത്തുമ്പോൾ കമ്പനിയുടെ വിശ്വാസ്യത പരിശോധിക്കേണ്ടേ. ഒന്നും അന്വേഷിക്കാതെ പരിശോധിക്കാതെ വലിയ തുക നിക്ഷേപിച്ചു. ഭരണ തലത്തിലുള്ള അറിവോടെ ചില ഉദ്യോഗസ്ഥരാണ് നിക്ഷേപിച്ചത്. ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങിയാണ് തുക നിക്ഷേപിച്ചത്. ആ‍ർസിഎഫ്എലുമായി ബന്ധപ്പെട്ട കരാർ രേഖകൾ സർക്കാർ പുറത്തുവിടണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

Tags:    

Similar News