2000 രൂപാ നോട്ടുകളില്‍ 98 % തിരികെയെത്തി; ഇനി ലഭിക്കാനുള്ളത് 6,691 കോടിയുടെ നോട്ടുകൾ
നിരോധിച്ച 2000 ത്തിന്റെ നോട്ടുകളില്‍ 98.12 ശതമാനവും തിരികെ എത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. ഇനി തിരിച്ചെത്താനുള്ളത് 6,691 കോടി രൂപയുടെ നോട്ടുകൾ മാത്രമാണ്. 2023 മേയ് 19നാണ് 2000 രൂപാ നോട്ടുകള്‍ റദ്ദാക്കുന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത്. അന്ന് വിനിമയത്തിലിരുന്ന നോട്ടുകളുടെ ആകെ മൂല്യം 3.56 ലക്ഷം കോടിയായിരുന്നു. ഇത് 2024 ഡിസംബര്‍ 31 ആയപ്പോഴേക്കും 6691 കോടിയായി കുറഞ്ഞു.
2023 ഒക്ടോബര്‍ വരെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനും നിക്ഷേപിക്കുന്നതിനും എല്ലാ ബാങ്ക് ബ്രാഞ്ചുകളിലും സംവിധാനമൊരുക്കിയിരുന്നു. 2023 ഒക്ടോബര്‍ ഒന്‍പത് മുതല്‍ ആര്‍ബിഐ ഇഷ്യു ഓഫീസുകളില്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും 2000 രൂപ നോട്ടുകള്‍ സ്വീകരിക്കാനും പകരം അവരുടെ അക്കൗണ്ടിലേക്ക് ആ തുക നിക്ഷേപിക്കുന്നതിനും സൗകര്യമൊരുക്കിയിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് തങ്ങളുടെ പക്കലുള്ള 2000 രൂപാ നോട്ടുകള്‍ ഇന്ത്യ പോസ്റ്റ് വഴി ഏതെങ്കിലും ആര്‍ബിഐ ഇഷ്യു ഓഫീസിലേക്ക് അയക്കാവുന്നതാണ്. ആ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്നതായിരിക്കും. രാജ്യത്തിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
അഹമ്മദാബാദ്, ബംഗളൂരു, ബേലാപുര്‍, ഭോപ്പാല്‍, ഭുവനേശ്വര്‍, ചണ്ഡീഗഡ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പുര്‍, ജമ്മു, കാണ്‍പുര്‍, കൊല്‍ക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പുര്‍, ന്യൂഡല്‍ഹി, പാറ്റ്‌ന, തിരുവനന്തപുരം എന്നിവടങ്ങളിലെ ആര്‍ബിഐ ഓഫീസുകളില്‍ നിന്ന് നോട്ട് മാറ്റിയെടുക്കാവുന്നതാണ്.