പറന്നുയരാൻ സജ്ജമായി എയർ കേരള: പുതുവർഷത്തിൽ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തും

Update: 2024-12-31 09:21 GMT

2025ന്റെ രണ്ടാം പകുതിയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് എയർ കേരള പ്രവർത്തനം ആരംഭിക്കും. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ എയർ കേരള സിഇഒ ഹരീഷ് കുട്ടിയും കിയാൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും ഒപ്പുവെച്ചു. എയർ കേരള ചെയർമാൻ അഫി അഹമ്മദും കിയാൽ എംഡി സി. ദിനേഷ് കുമാറും ധാരണാപത്രങ്ങൾ കൈമാറി.

പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽനിന്ന് അടുത്തുള്ള വിമാനത്താവളങ്ങളിലേക്ക് എയർ കേരള സർവീസ് ആരംഭിക്കും. പിന്നീട് വിമാനങ്ങളുടെ ലഭ്യതയ്ക്കനുസരിച്ച് കൂടുതൽ പ്രതിദിന സർവ്വീസുകൾ ആരംഭിക്കും. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നത്.

ആദ്യഘട്ടത്തിൽ എ ടി ആർ വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളും പിന്നീട് സിംഗിൾ-അയൽ ജെറ്റ് വിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര, അന്താരാഷ്ട്ര സർവ്വീസുകളും ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. എയർ കേരളയുമായുള്ള സഹകരണം ഉത്തര മലബാറിന്‍റെ വികസനത്തിന് മുതൽക്കൂട്ടാവുമെന്ന് കിയാൽ എംഡി ദിനേഷ് കുമാർ പറഞ്ഞു.

Tags:    

Similar News