ഒഴിവ് 20; അയോദ്ധ്യ രാമക്ഷേത്രത്തില്‍ പൂജാരി തസ്തികയിലേക്ക് ലഭിച്ചത് 3000 അപേക്ഷകള്‍

മൂന്നംഗ പാനലാണ് ഇന്റര്‍വ്യു ചെയ്യുന്നത്

Update: 2023-11-21 09:42 GMT

അയോദ്ധ്യ രാമക്ഷേത്രത്തില്‍ പൂജാരിമാരുടെ ഒഴിവുള്ള 20 തസ്തികയിലേക്ക് ലഭിച്ചത് 3000 അപേക്ഷകള്‍. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ട്രസ്റ്റാണ് പൂജാരിമാരെ ക്ഷേത്രത്തില്‍ നിയമിക്കുന്നത്.

കഴിഞ്ഞ ദിവസം റാം മന്ദിര്‍ തീര്‍ഥക്ഷേത്ര ട്രസ്റ്റാണു പൂജാരിമാരുടെ ഒഴിവ് പരസ്യപ്പെടുത്തിയത്. തുടര്‍ന്ന് 3000-ത്തോളം അപേക്ഷകള്‍ ലഭിച്ചു. ഇതില്‍നിന്നും 200 പേരുടെ ചുരുക്കപ്പട്ടികയാണ് തയാറാക്കിയത്.

ചുരുക്കപ്പട്ടികയിലെ 200 ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം അയോധ്യയിലെ വിശ്വഹിന്ദു പരിഷത്തിന്റെ (വിഎച്ച്പി) ആസ്ഥാനമായ കര്‍സേവക് പുരത്ത് നടക്കുകയാണ്.

മൂന്നംഗ പാനലാണ് ഇന്റര്‍വ്യു ചെയ്യുന്നത്. 20 പേരെയാണു തിരഞ്ഞെടുക്കുക. ഇവരെ ആറ് മാസത്തെ പരിശീലനത്തിനു ശേഷം പൂജാരിമാരായി നിയമിക്കും.

പരിശീലന കാലയളവില്‍ സൗജന്യ ഭക്ഷണവും താമസസൗകര്യവും നല്‍കും. ഇതിനു പുറമെ മാസം 2000 രൂപ സ്റ്റൈപ്പന്‍ഡും നല്‍കും.

2024 ജനുവരിയില്‍ രാം ലല്ല ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിനായി ഒരുങ്ങുകയാണ് ഇപ്പോള്‍ അയോദ്ധ്യ.

Tags:    

Similar News