ആധാർ ഇനിയും അപ്ഡേറ്റ് ചെയ്തില്ലേ? തീയതി നീട്ടി,സൗജന്യമായി പുതുക്കാം

ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം

Update: 2024-10-18 03:44 GMT

ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി നീട്ടി. 2024 ഡിസംബര്‍ 14 വരെ ഫീസില്ലാതെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ഡിസംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്‌സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

ആധാർ വിവരങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്നതിനായി myaadhaar.uidai.gov.in വഴി ആധാർ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം രേഖകൾ അപ്‌ഡേറ്റ് ചെയ്യാം.മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്ക് മാത്രമേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാൻ കഴിയൂ.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ ആധാർ എൻറോളിങ്ങിന് കുട്ടിയുടെ ജനന സർട്ടിഫിക്കറ്റും മാതാപിതാക്കളിൽ ഒരാളുടെ ആധാറും മതി. കുട്ടികളുടെ ബയോമെട്രിക്‌സ് അഞ്ച് വയസിലും 15 വയസിലും നിർബന്ധമായും പുതുക്കണം. അഞ്ചാം വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഏഴു വയസിനുള്ളിലും 15 വയസിലെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ 17 വയസിനുള്ളിലും നടത്തണം.

Tags:    

Similar News