കേരള കമ്പനികൾ ഇന്ന്; സൗത്ത് ഇന്ത്യൻ ബാങ്ക് ഇടിഞ്ഞത് 12%
- ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 3.98 ശതമാനം ഉയർന്നു
- കിറ്റെക്സ് ഓഹരികൾ 7.46 ശതമാനം ഇടിഞ്ഞു
- നേരിയ ഇടിവിൽ ഫാക്ട് ഓഹരികൾ ക്ലോസ് ചെയ്തു
ഫെബ്രുവരി 27ലെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ കുത്തനെ ഇടിഞ്ഞു. മുൻ ദിവസം 37.10 രൂപയിൽ ക്ലോസ് ചെയ്ത ഓഹരികൾ ഇന്ന് വ്യാപാരം ആരംഭിച്ചത് തന്നെ 33.40 രൂപയിലാണ്. വ്യാപാരത്തിൽ ഇടിവ് തുടർന്ന ഓഹരികൾ ദിവസത്തെ ഏറ്റവും താഴ്ന്ന വിലയായ 32.15 രൂപ വരെയെത്തി. വില്പന സമ്മർദ്ദമാണ് ഓഹരികളിലെ ഇടിവിന് കാരണമായത്. ഏകദേശം 8.4 കോടി ഓഹരികളുടെ വ്യാപരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 7756 കോടി രൂപയിലെത്തി. വ്യാപാരവസാനം ഓഹരികൾ 11.86 ശതമാനം താഴ്ന്ന് 32.70 രൂപയിൽ ക്ലോസ് ചെയ്ത. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 40.15 രൂപയും താഴ്ന്നത് 13.75 രൂപയുമാണ്.
മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 1.78 ശതമാനവും സിഎസ്ബി ബാങ്ക് 0.42 ശതമാനവും ഉയർന്നപ്പോൾ ധനലക്ഷ്മി ബാങ്ക് 2.55 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 2.04 ശതമാനവും ഇടിഞ്ഞു.
ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 3.98 ശതമാനം ഉയർന്ന് 474.10 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 2.04 ശതമാനത്തിന്റെ നേട്ടത്തോടെ 322.30 രൂപയിൽ ക്ലോസ് ചെയ്തു. കേരള ആയുർവേദ ഓഹരികൾ 1.36 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 7.46 ശതമാനം താഴ്ന്ന് 250.10 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 3.89 ശതമാനത്തിന്റെ നഷ്ടത്തോടെ 188.95 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 2.33 ശതമാനം ഇടിഞ്ഞ് 370.50 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹാരികൾ 1.25 ശതമാനവും താഴ്ന്നു. നേരിയ ഇടിവിൽ ഫാക്ട് ഓഹരികൾ ക്ലോസ് ചെയ്തു.