തിരിച്ചുകയറി വിപണി; നിഫ്റ്റി 23,700 ന് മുകളിൽ, സെൻസെക്സ് 234 പോയിൻ്റ് ഉയർന്നു

Update: 2025-01-07 11:18 GMT

ഏറെ ചാഞ്ചാട്ടം നിറഞ്ഞ വ്യാപാരത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്ന് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. അനുകൂലമായ ആഗോള സൂചനകൾ വിപണിയെ നേട്ടത്തിലെത്താൻ സഹായിച്ചു. 

സെൻസെക്സ് 234.12 പോയിൻ്റ് അഥവാ 0.30 ശതമാനം ഉയർന്ന് 78,199.11 ലും നിഫ്റ്റി 91.85 പോയിൻ്റ് അഥവാ 0.39 ശതമാനം ഉയർന്ന് 23,707.90 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ ഇന്ത്യ, അൾട്രാടെക് സിമൻ്റ്, ലാർസൺ ആൻഡ് ടൂബ്രോ, അദാനി പോർട്ട്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അതേസമയം സൊമാറ്റോ, എച്ച്സിഎൽ ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, ടെക് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐടി ഒഴികെയുള്ള എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ഇന്ന് ക്ലോസ് ചെയ്തത്. സൂചിക 0.73 ശതമാനം ഇടിഞ്ഞു. നിഫ്റ്റി മീഡിയ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒന്നര ശതമാനത്തിലധികം ഉയർന്നു. എനർജി, മെറ്റൽ സൂചികകൾ ഒരു ശതമാനത്തിലധികവും ഉയർന്നു.

റിയൽറ്റി, ബാങ്ക്, ഫാർമ സൂചികകൾ 0.5 മുതൽ 1 ശതമാനം നേട്ടം നൽകി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.7 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് സൂചിക 6.33 ശതമാനം താഴ്ന്ന് 14.66 -ൽ എത്തി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നേട്ടത്തിൽ വ്യാപാരം നടത്തിയപ്പോൾ ഹോങ്കോംഗ് നഷ്ടത്തിൽ അവസാനിച്ചു. മിഡ് സെഷൻ ഇടപാടുകളിൽ യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയിലാണ് അവസാനിച്ചത്. 

ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.12 ശതമാനം ഇടിഞ്ഞ് ബാരലിന് 76.21 ഡോളറിലെത്തി. എക്സ്ചേഞ്ച് ഡാറ്റ പ്രകാരം വിദേശ സ്ഥാപന നിക്ഷേപകർ ഇന്നലെ 2,575.06 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.

Tags:    

Similar News