അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് നഷ്ടത്തോടെയാണ്. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. ഐ ടി ഒഴികെയുള്ള മറ്റെല്ലാ സെക്ടറുകളിലുടെനീളം വില്പന സമ്മർദ്ദം നേരിട്ടത് വിപണിയുടെ ഇടിവിന് കാരണമായി.
സെൻസെക്സ് 241.30 പോയിന്റ് അഥവാ 0.31 ശതമാനം ഇടിഞ്ഞ് 77,378.91ലും നിഫ്റ്റി 95 പോയിന്റ് അഥവാ 0.40 ശതമാനം ഇടിഞ്ഞ് 23,431.50 ലുമായിരുന്നു ഇന്ന് വ്യപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഇൻഡസ്ഇൻഡ് ബാങ്ക്, എൻടിപിസി, അൾട്രാടെക് സിമൻറ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, അദാനി പോർട്ട്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നി ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, ഇൻഫോസിസ്, ബജാജ് ഫിൻസെർവ് എന്നിവയാണ് നേട്ടമുണ്ടാക്കിയ കമ്പനികൾ.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ദേശീയ ദുഃഖാചരണ ദിനമായതിനാൽ യുഎസ് ഓഹരി വിപണിക്ക് ഇന്ന് അവധിയായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 2.02 ശതമാനം ഉയർന്ന് ബാരലിന് 78.47 ഡോളറിലെത്തി.