ടിസിഎസ് ഫലങ്ങൾ ഇന്ന് വിപണിയുടെ ഗതി നിയന്ത്രിക്കും
- വിപണി ഇന്ന് നഷ്ടത്തിൽ തുറക്കാൻ സാധ്യത
- ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ്
- ഏഷ്യൻ വിപണികൾ താഴ്ന്നു
ആഭ്യന്തര, ആഗോള വിപണികളിലെ ദുർബലമായ സൂചനകൾക്കിടയിൽ ഇന്ത്യൻ ഓഹരി വിപണി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച താഴ്ന്ന് തുറക്കാൻ സാധ്യത.
ഗിഫ്റ്റ് നിഫ്റ്റി ഇടിവിലാണ് വ്യാപാരം ആരംഭിച്ചത്. ഏഷ്യൻ വിപണികൾ താഴ്ന്നു. മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറിന്റെ ദേശീയ ദുഃഖാചരണ ദിനമായതിനാൽ യുഎസ് ഓഹരി വിപണിക്ക് അവധിയായിരുന്നു.ടിസിഎസിന്റെ ഇന്നലെ പുറത്തു വന്ന ത്രൈമാസ ഫലങ്ങളോടുള്ള വിപണിയുടെ പ്രതികണം നിക്ഷേപകർ ശ്രദ്ധിക്കും.
ഗിഫ്റ്റ് നിഫ്റ്റി
ഗിഫ്റ്റ് നിഫ്റ്റി 23,590 ലെവലിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 58 പോയിന്റ് ഇടിവ്. ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ദുർബലമായ തുടക്കത്തെ സൂചിപ്പിക്കുന്നു.
ഏഷ്യൻ വിപണികൾ
ഏഷ്യൻ വിപണികൾ താഴ്ന്ന് വ്യാപാരം നടത്തുന്നു. ജപ്പാനിലെ നിക്കി 0.64% ഇടിഞ്ഞു, ടോപ്പിക്സ് 0.34% ഇടിഞ്ഞു. ദക്ഷിണ കൊറിയയുടെ കോസ്പി 0.59% ഇടിഞ്ഞു, കോസ്ഡാക്ക് 0.8% ഇടിഞ്ഞു. ഹോങ്കോങ്ങിന്റെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ ശക്തമായ ഓപ്പണിംഗിനെ സൂചിപ്പിക്കുന്നു.
വാൾസ്ട്രീറ്റ്
മുൻ പ്രസിഡന്റ് ജിമ്മി കാർട്ടറുടെ ദേശീയ ദുഃഖാചരണ ദിനം ആചരിക്കുന്നതിനായി ജനുവരി 9 വ്യാഴാഴ്ച യുഎസ് ഓഹരി വിപണിക്ക് അവശിയായിരുന്നു.
ഇന്ത്യൻ വിപണി
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സേവന കമ്പനിയായ ടിസിഎസിന്റെ, ഇന്നലെ പുറത്തു വന്ന ത്രൈമാസ ഫലങ്ങളോട് വിപണി എങ്ങനെ പ്രതികരിക്കും എന്നതിനെ ആശ്രയിച്ചിരിക്കും നിഫ്റ്റിയുടെ വാരാന്ത്യ ക്ലോസിംഗ്. ടിസിഎസിന്റെ പ്രകടനം മറ്റ് ഐടി കമ്പനികളെയും പ്രതികൂലമായി ബാധിച്ചേക്കാം. അവയിൽ മറ്റ് അഞ്ച് എണ്ണം നിഫ്റ്റി 50 ന്റെ ഭാഗമാണ്. ടിസിഎസ് ഡിസംബറിൽ അവസാനിച്ച പാദത്തിൽ 63,973 കോടി രൂപ വരുമാനം റിപ്പോർട്ട് ചെയ്തു. ഇത് സെപ്റ്റംബർ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ 0.4% കുറവാണ്.
അഭ്യന്തര വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് നഷ്ടത്തോടെയാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി ഇടിവിൽ അവസാനിക്കുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക്, ടിസിഎസ്, റിലയൻസ് എന്നി ഓഹരികളുടെ വിൽപ്പനയാണ് വിപണിയെ ഇടിവിലേക്കു നയിച്ചത്. സെൻസെക്സ് 528.28 പോയിന്റ് ഇടിഞ്ഞ് 77,620.21ലും നിഫ്റ്റി 162.45 പോയിന്റ് ഇടിഞ്ഞ് 23,526.50 ലുമായിരുന്നു ഇന്ന് വ്യപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീൽ, സൊമാറ്റോ, ലാർസൻ ആൻറ് ട്യൂബ്രോ, ടാറ്റ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ടിസിഎസ്, ഓഹരികൾ നഷ്ടത്തോടെ ക്ലോസ് ചെയ്തു. നെസ്‌ലെ, ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര ആൻറ് മഹീന്ദ്ര, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ഭാരതി എയർടെൽ എന്നിവ നേട്ടമുണ്ടാക്കി.
നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ളവ എല്ലാ സൂചികകളും നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്. സൂചിക 0.94 ശതമാനം ഉയർന്നു. നിഫ്റ്റി റിയലിറ്റി സൂചികയാണ് ഏറ്റവും വലിയ ഇടിവ് നൽകിയത്. സൂചിക 2.58 ശതമാനം ഇടിഞ്ഞു. നിഫ്റ്റി എൻജി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒന്നര ശതമാനവും നഷ്ടം നൽകി. നിഫ്റ്റി ഐടി മെറ്റൽ സൂചികകൾ ഒരു ശതമാനത്തോളവും ഇടിഞ്ഞു.
പ്രതിരോധവും പിന്തുണയും
നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 23,644, 23,688, 23,759
പിന്തുണ: 23,502, 23,458, 23,387
ബാങ്ക് നിഫ്റ്റി
പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 49,728, 49,862, 50,079
പിന്തുണ: 49,294, 49,160, 48,943
പുട്ട്-കോൾ അനുപാതം
മാർക്കറ്റിന്റെ മാനസികാവസ്ഥയെ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR), ജനുവരി 9 ന് മുൻ സെഷനിലെ 0.83 ലെവലിൽ നിന്ന് 0.92 ആയി ഉയർന്നു.
ഇന്ത്യ വിക്സ്
വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ്, 1.33% വർദ്ധിച്ച് 14.66 ആയി.
വിദേശ നിക്ഷേപക സ്ഥാപനങ്ങൾ
വ്യാഴാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 7,170 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡിഐഐകൾ 7369 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
രൂപ
അമേരിക്കൻ കറൻസിയുടെ സ്ഥിരതയും ക്രൂഡ് ഓയിൽ വിലയിലെ വർധനവും കണക്കിലെടുത്ത് വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 5 പൈസ ഉയർന്ന് 85.86 ൽ എത്തി.
ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ
ടിസിഎസ്
ഐടി കമ്പനിയായ ടിസിഎസ് അറ്റാദായത്തിൽ 12% വളർച്ച രേഖപ്പെടുത്തി 12,380 കോടി രൂപയായി, അതേസമയം വരുമാനം വർഷം തോറും 6% വർദ്ധിച്ച് 63,973 കോടി രൂപയായി.
ടാറ്റ എൽക്സി
ഡിസംബറിൽ അവസാനിച്ച പാദത്തിൽ ടാറ്റ എൽക്സിയുടെ അറ്റാദായത്തിൽ 3% ഇടിവ് രേഖപ്പെടുത്തി. ഇത് 199 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 206 കോടി രൂപയായിരുന്നു.
അദാനി ടോട്ടൽ ഗ്യാസ്
ജനുവരി 16 മുതൽ പ്രാബല്യത്തിൽ വരുന്ന തരത്തിൽ ഗാർഹിക വാതകത്തിന്റെ വിഹിതം 20% വർദ്ധിപ്പിച്ചതായി നോഡൽ ഏജൻസിയായ ഗെയിൽ (ഇന്ത്യ) അദാനി ടോട്ടൽ ഗ്യാസ് കമ്പനിയെ അറിയിച്ചു. ഈ വർദ്ധന അദാനി ടോട്ടൽ ഗ്യാസ് കമ്പനിയിൽ സ്വാധീനം ചെലുത്തുകയും അന്തിമ ഉപഭോക്താക്കൾക്ക് ചില്ലറ വിൽപ്പന വില സ്ഥിരപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.
മഹാനഗർ ഗ്യാസ്
ഗാർഹിക വാതക വിഹിതം 26% വർദ്ധിപ്പിച്ചതായി ഗെയിൽ (ഇന്ത്യ) മഹാനഗർ ഗ്യാസിനെ അറിയിച്ചു. ഈ വർദ്ധനവ് സിഎൻജിക്കുള്ള വിഹിതം 37% ൽ നിന്ന് 51% ആയി ഉയർത്തും. ഗ്യാസ് വിഹിതത്തിലെ ഈ വർദ്ധനവ് കമ്പനിയുടെ ലാഭക്ഷമതയെ ഗുണപരമായി ബാധിക്കും.
അദാനി വിൽമർ
പ്രൊമോട്ടർമാരിൽ ഒരാളായ അദാനി കമ്മോഡിറ്റീസ് എൽഎൽപി, ജനുവരി 10 നും ജനുവരി 13 നും ഓഫർ-ഫോർ-സെയിൽ (OFS) വഴി അദാനി വിൽമറിലെ തങ്ങളുടെ ഓഹരിയുടെ 20% വരെ വിൽക്കാൻ ഒരുങ്ങുന്നു. ഓഫർ-ഫോർ-സെയിലിൽ 13.50% ഓഹരിയുടെ അടിസ്ഥാന ഇഷ്യു വലുപ്പവും 6.50% ഇക്വിറ്റിയുടെ ഗ്രീൻ-ഷൂ ഓപ്ഷനും ഉൾപ്പെടും. ഇഷ്യുവിന്റെ അടിസ്ഥാന വില ഒരു ഷെയറിന് 275 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. റീട്ടെയിൽ ഇതര നിക്ഷേപകർക്ക് ജനുവരി 10 ന് ഓഫർ-ഫോർ-സെയിൽ തുറക്കും. റീട്ടെയിൽ നിക്ഷേപകർക്ക് ജനുവരി 13 ന് തുറക്കും.
പോളിപ്ലെക്സ് കോർപ്പറേഷൻ
558 കോടി രൂപ നിക്ഷേപത്തിൽ ഇന്ത്യയിൽ ഒരു ഫിലിം നിർമ്മാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബോർഡ് അംഗീകാരം നൽകി.
സൂര്യ റോഷ്‌നി
ഇന്ത്യയിലുടനീളം സിജിഡി (സിറ്റി ഗ്യാസ് ഡിസ്ട്രിബ്യൂഷൻ) പദ്ധതിക്കായി ഭാരത് പെട്രോളിയം കോർപ്പറേഷനിൽ (ബിപിസിഎൽ) നിന്ന് 81.47 കോടി രൂപയുടെ ഓർഡർ കമ്പനിക്ക് ലഭിച്ചു.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ജനുവരി 10 മുതൽ പ്രാബല്യത്തിൽ വരുന്ന സേവിംഗ്സ് അക്കൗണ്ട് ഉപഭോക്താക്കൾക്കുള്ള പലിശ നിരക്കുകൾ ബാങ്ക് വർദ്ധിപ്പിച്ചു. ഒരു ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് 3% പലിശ നിരക്ക് തുടരും, അതേസമയം 1 ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് 5% പലിശ നിരക്ക് ലഭിക്കും. 10 ലക്ഷം രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള ബാലൻസുകൾക്ക് 7% ലഭിക്കും. 25 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെയുള്ള ബാലൻസുകൾക്ക് 7.25% പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന മറ്റൊരു പുതിയ സ്ലാബ് തുടങ്ങി.
അപ്പോളോ മൈക്രോ സിസ്റ്റംസ്
സ്വകാര്യ പ്ലെയ്‌സ്‌മെന്റ് വഴി നിക്ഷേപകർക്ക് മുൻഗണനാ അടിസ്ഥാനത്തിൽ, ഒരു ഓഹരിക്ക് 114 രൂപ നിരക്കിൽ, 380.97 കോടി രൂപ വിലയുള്ള കമ്പനിയുടെ 3.34 കോടി വരെ ഓഹരികൾ ഇഷ്യൂ ചെയ്യാൻ ബോർഡ് അംഗീകാരം നൽകി. പ്രമോട്ടർ ഗ്രൂപ്പിനും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സ്വകാര്യ പ്ലെയ്‌സ്‌മെന്റ് അടിസ്ഥാനത്തിൽ മുൻഗണനാ ഇഷ്യൂ വഴി 435.1 കോടി രൂപ വിലയുള്ള 3.81 കോടി വരെ കൺവേർട്ടിബിൾ ഇക്വിറ്റി വാറന്റുകൾ ഇഷ്യൂ ചെയ്യാനും ബോർഡ് അംഗീകാരം നൽകി.
ബോംബെ ബർമ ട്രേഡിംഗ് കോർപ്പറേഷൻ
തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ 13.91 ഏക്കർ ഭൂമി 13.05 കോടി രൂപയ്ക്ക് വിൽക്കാൻ കമ്പനി കരാർ ഒപ്പിട്ടു. എസ്‌എവി റെഡിമിക്സ് കോൺക്രീറ്റ്, മുത്തുകുമാർ എന്റർപ്രൈസസ്, ശ്രീ അതിശയ വിനായഗർ ബ്ലൂ മെറ്റൽസ്, പിഎംകെ ബിൽഡേഴ്‌സ് എന്നിവരാണ് ഭൂമി വാങ്ങുന്നവർ.
എൻടിപിസി ഗ്രീൻ എനർജി
കമ്പനിയുടെ അനുബന്ധ സ്ഥാപനമായ എൻടിപിസി റിന്യൂവബിൾ എനർജി, 320 മെഗാവാട്ട് ഭൈൻസാര സോളാർ പിവി പ്രോജക്റ്റിന്റെ 60 മെഗാവാട്ട് ശേഷിയുടെ രണ്ടാം ഭാഗവും 220 മെഗാവാട്ട് ഷാജാപൂർ സോളാർ പ്രോജക്റ്റിന്റെ (യൂണിറ്റ്-II) 50 മെഗാവാട്ട് ശേഷിയും കമ്മീഷൻ ചെയ്തു.