താരിഫില്‍ കൂപ്പുകുത്തി ഓഹരി വിപണി; സെൻസെക്സ് 300 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 23,250 ൽ

ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 322.08 പോയിന്റ് അഥവാ 0.42 ശതമാനം ഇടിഞ്ഞ് 76,295.36 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 82.25 പോയിന്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 23,250.10 ൽ ക്ലോസ് ചെയ്തു.
ഇന്ത്യ ഉൾപ്പെടെ 60 രാജ്യങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരസ്പര താരിഫ് പ്രഖ്യാപിച്ചതോടെ ഐടി ഓഹരികളിൽ ഉണ്ടായ ഇടിവാണ് വിപണിയെ ഇന്ന് നഷ്ടത്തിലേക്ക് നയിച്ചത്.
സെൻസെക്സ് ഓഹരികൾ ( Top Gainers, Losers )
സെൻസെക്സ് ഓഹരികളിൽ പവർഗ്രിഡ്, സൺ ഫാർമസ്യൂട്ടിക്കൽസ്, അൾട്രാടെക് സിമൻറ്, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, നെസ്‌ലെ ഇന്ത്യ, ടൈറ്റാൻ, ഇൻഡസ്ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ ഇന്ന് നേട്ടമുണ്ടാക്കി. അതേസമയം ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്‌സ്, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, മാരുതി സുസുക്കി ഇന്ത്യ, ടാറ്റ സ്റ്റീൽ എന്നി ഓഹരികൾ ഇടിവ് നേരിട്ടു.
സെക്ടറൽ സൂചിക
സെക്ടറൽ സൂചികകളിൽ മെറ്റൽ, ഐടി, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് ,റിയലിറ്റി എന്നിവ നഷ്ടം രേഖപ്പെടുത്തി. അതേസമയം 2.25 ശതമാനം കുതിച്ചുയർന്ന ഫാർമാ സൂചിക ഇന്നത്തെ നേട്ടക്കണക്കിൽ മുന്നിലെത്തി. നിഫ്റ്റി ഹെൽത്ത്കെയർ, നിഫ്റ്റി മീഡിയ, നിഫ്റ്റി പിഎസ്‍യു ബാങ്ക്, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയ സെക്ടറൽ സൂചികകൾ ഒരു ശതമാനത്തോളം നേട്ടം കുറിച്ചു.
ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.3 ശതമാനവും സ്‌മോൾകാപ് സൂചിക 0.5 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് -0.89 ശതമാനം ഇടിഞ്ഞ് 13.60 ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ടോക്കിയോയിലെ നിക്കി 3 ശതമാനം ഇടിഞ്ഞു. ഹോങ്കോംഗ് (1.52 ശതമാനം), സിയോളിലെ കോസ്പി (0.76 ശതമാനം), ഷാങ്ഹായ് (0.24 ശതമാനം) ഇടിഞ്ഞു. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലായിരുന്നു വ്യാപാരം. ബുധനാഴ്ച വാൾസ്ട്രീറ്റ് ഉയർന്ന നിലയിലായിരുന്നു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 3.68 ശതമാനം ഇടിഞ്ഞ് ബാരലിന് 72.19 യുഎസ് ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.30 എന്ന നിലയിലെത്തി.