കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ കല്യാണും ഇടിവിൽ ഫാക്ടും
- സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ ഉയർന്നു
- ഫാക്ട് ഓഹരികൾ ഇടിവ് രേഖപ്പെടുത്തി
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ നേട്ടം നൽകി
ഫെബ്രുവരിയിലെ അവസാന വ്യാപാര ദിവസമായ ഇന്ന് കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ മികച്ച നേട്ടം നൽകി. തുടക്ക വ്യാപാരം മുതൽ നേട്ടത്തിലായിരുന്ന ഓഹരികൾ വ്യാപാരവസാനം 4.85 ശതമാനം ഉയർന്ന് 396.85 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 71.49 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 39000 കോടി രൂപ കടന്നു. ഈ മാസം ഓഹരികൾ ഉയർന്നത് 13 ശതമാനത്തിലധികമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 409.70 രൂപയും താഴ്ന്ന വില 100.95 രൂപയുമാണ്.
ഇന്നത്തെ വ്യാപാരത്തിൽ ഫാക്ട് ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായി ആറാം ദിവസമാണ് ഓഹരികൾ ഓഹരികൾ ഇടിയുന്നത്. ഈ മാസം ഓഹരികൾ 17 ശതമാനം ഇടിവാണ് നൽകിയത്. മുൻ ദിവസത്തെ ക്ലോസിംഗിംൽ നിന്നും 3.32 ശതമാനം താഴ്ന്ന ഓഹരികൾ 715.95 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്നത് 192 രൂപയുമാണ്. ഏകദേശം 5.78 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 47948 കോടി രൂപയിലെത്തി.
ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടമുണ്ടാക്കി. ഇന്നത്തെ വ്യാപാരത്തിൽ 3.52 ശതമാനം ഉയർന്ന ഓഹരികൾ 32.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് 0.07 ശതമാനം ഉയർന്നപ്പോൾ ധനലക്ഷ്മി ബാങ്ക് 2.88 ശതമാനവും സിഎസ്ബി ബാങ്ക് 0.37 ശതമാനവും ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് 0.08 ശതമാനവും ഇടിഞ്ഞു.
കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.45 ശതമാനം ഉയർന്ന് 875.10 രൂപയിലെത്തി. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 2.28 ശതമാനം നേട്ടം നൽകി. അപ്പോളോ ടയേഴ്സ് ഓഹരികൾ 2.17 ശതമാനം വർധന രേഖപ്പെടുത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 2.12 ശതമാനവും ഉയർന്നു.
ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 2.77 ശതമാനം താഴ്ന്ന് 471.40 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 2.03 ശതമാനം ഇടിഞ്ഞു. വി ഗാർഡ് ഓഹരികൾ 1.55 ശതമാനം താഴ്ന്നു. നേരിയ ഇടിവോടെ മുത്തൂറ്റ് മൈക്രോഫിൻ ഓഹരികളും വ്യാപാരം അവസാനിപ്പിച്ചു.