കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ കല്യാണും വണ്ടർലയും
- ഫാക്ട് ഓഹരികൾ ഇടിവ് തുടരുന്നു
- ധനലക്ഷ്മി ബാങ്ക് 2.23 ശതമാനം ഉയർന്നു
- കരകയറാനാവാതെ പോപ്പുലർ ഓഹരികൾ
നടപ്പ് സാമ്പത്തിക വർഷത്തെ അവസാന വ്യാപാര ദിനമായ ഇന്ന് (മാർച്ച്-28) കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരത്തിലെത്തി. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 439 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.05 ശതമാനം ഉയർന്ന ഓഹരികൾ 427.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായി ആറാം ദിവസമാണ് ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്. കഴിഞ്ഞ ആഴ്‌ചയിൽ നാല് ശതമാനം ഉയർന്ന ഓഹരികൾ ഈ വാരം 11 ശതമാനത്തിലധികമാണ് നേട്ടം നൽകിയത്. ഏകദേശം 42.23 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 42,788 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 100.95 രൂപയാണ്.
ഇടിവിലായിരുന്ന വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1020 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.77 ശതമാനം ഉയർന്ന ഓഹരികൾ 1020 രൂപയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഏകദേശം 7.80 ലക്ഷം ഓഹരികളുടെ വ്യാപാരം ഇന്ന് നടന്നു. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5168 കോടി രൂപ തൊട്ടു. നടപ്പ് വർഷാദ്യം മുതൽ ഓഹരികൾ ഇതുവരെ 17.87 ശതമാനമാണ് ഉയർന്നത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 380.15 രൂപ.
ഹാരിസൺസ് മലയാളം ഓഹരികൾ 1.54 ശതമാനം നേട്ടത്തോടെ 164.90 രൂപയിലെത്തി. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.09 ശതമാനം ഉയർന്ന് 409.30 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.08 ശതമാനം നേട്ടം നൽകി. നേരിയ നേട്ടത്തോടെ വി ഗാർഡ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ക്ലോസ് ചെയ്തു.
ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 2.23 ശതമാനവും എസ്എസ്ഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.59 ശതമാനവും ഫെഡറൽ ബാങ്ക് 0.27 ശതമാനവും സിഎസ്ബി ബാങ്ക് 0.17 ശതമാനവും ഉയർന്നു. ഇടിവ് തുടർന്ന് സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ. ഇന്നും ഓഹരികൾ 1.80 ശതമാനം ഇടിഞ്ഞ് 27.25 രൂപയിലെത്തി.
ഫാക്ട് ഓഹരികൾ ഇടിവ് തുടരുന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.26 ശതമാനം താഴ്ന്ന് 627.95 രൂപയിലെത്തി. കരകയറാനാവാതെ പോപ്പുലർ ഓഹരികൾ, ഇന്ന് 1.11 ശതമാനം ഇടിഞ്ഞ ഓഹരികൾ 249.50 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് മിവറോഫിന് ഓഹരികൾ 1.16 ശതമാനം താഴ്ന്നു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.39 ശതമാനം നഷ്ടം നൽകി. നേരിയ ഇടിവിൽ കൊച്ചിൻ ഷിപ്പ് യാർഡ് വ്യാപാരം അവസാനിപ്പിച്ചു.