സ്വർണം രണ്ട് ദിവസത്തിൽ ഇടിഞ്ഞത് 1120 രൂപ; ഫെബ്രുവരിയോടെ ഇനിയും ഉയരാം

  • ഇത് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ്
  • അന്താരാഷ്ട്ര സ്വര്‍ണ്ണവില 1995-2030 ഡോളര്‍
  • വെള്ളി വില ഗ്രാമിന് ഒരു രൂപ കുറവോടെ 81 രൂപ

Update: 2023-12-06 07:53 GMT

കഴിഞ്ഞ ദിവസങ്ങളിലെ മുന്നേറ്റത്തിനു ശേഷം സ്വര്‍ണ്ണ വിലയില്‍ രണ്ടാം ദിനവും ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 40 രൂപയുടെ കുറവോടെ 5745 രൂപയിലേക്ക് എത്തി. പവന് 320 രൂപയുടെ കുറവോടെ 45960 രൂപയുമായി. ഇത് ഡിസംബറിലെ ഏറ്റവും കുറഞ്ഞ വിലയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് എത്തിയ ശേഷമാണ് വില കുറയുന്നത്.

സ്വര്‍ണ്ണ വില ചാഞ്ചാട്ടത്തിലേക്ക്

അന്താരാഷ്ട്ര സ്വര്‍ണ്ണവില 1995-2030 എന്ന ഡോളര്‍ നിലവാരത്തില്‍ ചാഞ്ചാടാനുള്ള സാധ്യതയാണ് ഇപ്പോഴുള്ളത്.അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് ആഭ്യന്തര വിപണിയിലും ചാഞ്ചാട്ടം പ്രതിഫലിക്കുമെന്നാണ് സ്വര്‍ണ്ണ വ്യാപാര മേഖലയിലുള്ളവരുടെ അഭിപ്രായം. ഡിസംബര്‍ 15 കഴിയുന്നതോടെ ലോകം ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷത്തിലേക്ക് കടക്കുകയാണ്. അസാധാരണ സംഭവവികാസങ്ങളുണ്ടായില്ലെങ്കില്‍ ജനുവരി ആദ്യവാരം മാത്രമായിരിക്കും വലിയൊരു മാറ്റങ്ങള്‍ക്ക് സാധ്യത കാണുന്നത്.

ഫെബ്രുവരിയോടെ സ്വര്‍ണ്ണവില ഉയരുമെന്നാണ് പ്രവചനങ്ങളെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ എസ് അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെടുന്നു.

കേരളത്തില്‍ 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 44 രൂപ കുറവോടെ 6,267 രൂപയിലേക്കും പവന് 352 രൂപ കുറവോടെ 50,136 രൂപയിലേക്കും എത്തി.വെള്ളി വില ഗ്രാമിന് ഒരു രൂപ കുറവോടെ 81 രൂപയുമായി.

Tags:    

Similar News