റെക്കോര്‍ഡ് വില വീണ്ടും തിരുത്തിക്കുറിച്ച് സ്വര്‍ണം
- പവന് വര്‍ധിച്ചത് 160 രൂപ
- സ്വര്‍ണവില ഗ്രാമിന് 8075 രൂപ
- പവന്‍ 64600 രൂപ
സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലെത്തി. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8075 രൂപയും പവന് 64600 രൂപയുമായി ഉയര്‍ന്നു. നിലവില്‍ പവന് 65000-ത്തില്‍ എത്താന്‍ ഇനി 400 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്. ഈമാസം 20 ന് രേഖപ്പെടുത്തിയ റെക്കോര്‍ഡാണ് ഇന്ന് പഴങ്കഥയായത്. അന്ന് പവന് 64560 രൂപയായിരുന്നു വില.
അന്താരാഷ്ട്ര പ്രവണതകള്‍ക്ക് അനുസരിച്ച് റെക്കോര്‍ഡുകള്‍ ദിനംപ്രതി തിരുത്തുകയാണ് പൊന്ന്. 18 കാരറ്റ് സ്വര്‍ണത്തിനും ഇന്ന് വില വര്‍ധിച്ചിട്ടുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6640 രൂപയിലാണ് ഇന്ന് വ്യാപാരം മുന്നേറുന്നത്. അതേസമയം വെള്ളിവിലയില്‍ മാറ്റമില്ല. ഗ്രാമിന് 107 രൂപയാണ് ഇന്നത്തെ വിപണി നിരക്ക്.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 2948.90 ഡോളറായിരുന്നു വില. മൂവായിരം ഡോളറിലേക്കാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. കൂടാതെ ഡോളര്‍ ശക്തിപ്രാപിക്കുന്നതും സ്വര്‍ണവിപണിയെ സ്വാധീനിക്കുന്നു.
അന്താരാഷ്ട്രതലത്തില്‍ നിലനില്‍ക്കുന്ന സാമ്പത്തിക അനിശ്ചിതാവസ്ഥകളും പൊന്നിന് കൂടുതല്‍ തിളക്കം നല്‍കുകയാണ്. ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ വ്യാപാരയുദ്ധത്തിലേക്ക് ലോകത്തെ നയിക്കുന്നതിന് വഴിവെട്ടുകയാണ്. ഇതും സ്വര്‍ണവില വര്‍ധിക്കാന്‍ പ്രധാന കാരണമാണ്.