കത്തുന്ന കനലായി സ്വര്‍ണവില; വീണ്ടും 64000 കടന്ന് കുതിപ്പ്
- പവന് 520 രൂപയുടെ വര്‍ധന
- സ്വര്‍ണം ഗ്രാമിന് 8035 രൂപ
- പവന്‍ 64280 രൂപ
സ്വര്‍ണവില വീണ്ടും 64000 കടന്നു. സമീപ ദിവസങ്ങളില്‍ വില ഒന്നു കുറഞ്ഞിരുന്നുവെങ്കിലും പിന്നീട് പൊന്ന് തിളക്കം വര്‍ധിപ്പിച്ച് മാര്‍ക്കറ്റിലിറങ്ങി. ഗ്രാമിന് 8000 രൂപയും പിന്നിട്ടാണ് ഇന്ന് സ്വര്‍ണവിപണി കുതിക്കുന്നത്.
സ്വര്‍ണം ഗ്രാമിന് 65 രൂപയുടേയും പവന് 520 രൂപയുടേയും വര്‍ധനയാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇതോടെ ഗ്രാമിന് 8035 രൂപയും പവന് 64280 രൂപയുമായി ഉയര്‍ന്നു. ഇപ്പോള്‍ മൂന്നു ദിവസം കൊണ്ട് 1160 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിപണിയിലുണ്ടായത്.
18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് കുതിച്ചു. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 6610 രൂപയായി ഉയര്‍ന്നു. ഇന്നലെ ഈ വിഭാഗത്തില്‍ ഗ്രാമിന് 6555രൂപയായിരുന്നു വില. എന്നാല്‍ വെള്ളിവിലയില്‍ മാറ്റമുണ്ടായിട്ടില്ല. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
സ്വര്‍ണവില വര്‍ധിച്ചിട്ടും ഇറക്കുമതിയില്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയെ അപേക്ഷിച്ച് നോക്കുമ്പോള്‍ കഴിഞ്ഞമാസം 10.28 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. അതേസമയം ഇറക്കുമതി കുറയുകയും ചെയ്തു. ആഭ്യന്തര ഡിമാന്‍ഡ് ഉയര്‍ന്നത് ഇറക്കുമതി വര്‍ധിപ്പിക്കുകയായിരുന്നു.
അതേസമയം അന്താരാഷ്ട്രതലത്തിലുണ്ടാകുന്ന സാമ്പത്തിക പ്രവണതകള്‍ ഇപ്പോള്‍ സ്വര്‍ണത്തിനെ കൂടുതല്‍ മൂല്യവത്താക്കുകയാണ്. കൂടാതെ സ്വര്‍ണത്തിന്റെ അടിസ്ഥാന ഇറക്കുമതി വിലയില്‍ കേന്ദ്രം വര്‍ധനവ് വരുത്തിയതും സ്വര്‍ണവിലയെ ബാധിക്കുന്നു. ഡോളറിന്റെ മൂല്യവും ആഗോളതലത്തില്‍ ഉയരുന്ന വ്യാപാര യുദ്ധ ഭീഷണിയും സ്വര്‍ണ വിപണിയില്‍ ചലനങ്ങള്‍ ഉണ്ടാക്കുന്നു.