സ്വര്‍ണം 3 മാസത്തെ ഏറ്റവും താണ വിലയില്‍; മേയിലെ വിലയില്‍ നിന്ന് 2160 രൂപ ഇടിവ്

  • മാര്‍ച്ച് 22ന് ശേഷമുള്ള ഏറ്റവും താഴ്ന്ന വില
  • വിലയിടിവ് തുടര്‍ച്ചയായ നാലാം ദിവസം
  • 12 ദിവസങ്ങള്‍ക്കിടെ വര്‍ധനയുണ്ടായത് 1 ദിവസം മാത്രം

Update: 2023-06-22 06:56 GMT

സംസ്ഥാനത്തെ സ്വര്‍ണ വില തുടര്‍‌ച്ചയായ നാലാം ദിവസത്തിലും ഇടിഞ്ഞു. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 20 രൂപ ഇടിഞ്ഞ് 5450 രൂപയിലേക്ക് എത്തി. പവന് 43,600 രൂപയാണ് വില, 160 രൂപയുടെ ഇടിവ്. മൂന്നു മാസ കാലയളവിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സ്വര്‍ണം എത്തിയിരിക്കുന്നത്. മാര്‍ച്ച് 22ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5420 രൂപയായിരുന്നു. അതിനു ശേഷമുള്ള കാലയളവിലെ ഏറ്റവും താഴ്ന്ന സ്വര്‍ണ വിലയാണ് ഇന്നത്തേത്. ജൂണ്‍ 15ന്, രണ്ടു മാസത്തിലേറേ നീണ്ട കാലയളവിന് ശേഷം 22 കാരറ്റ് സ്വര്‍ണം പവന്‍റെ വില 44,000 രൂപയ്ക്ക് താഴേക്കെത്തിയിരുന്നു.ഇന്നലെ വീണ്ടും അതേ വിലനിലവാരത്തിലേക്ക് വിലയെത്തി. ഇന്ന് അതില്‍ നിന്നും താഴേക്ക് പോകുകയായിരുന്നു.

24 കാരറ്റ് സ്വര്‍ണം ഗ്രാമിന്‍റെ വില ഇന്ന് 5,945 രൂപയാണ്. 22 രൂപയുടെ ഇടിവാണ് ഇന്നലത്തെ വിലയില്‍ നിന്നുണ്ടായിട്ടുള്ളത്. 24 കാരറ്റ് പവന് 47,560 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 176 രൂപയുടെ ഇടിവാണ് ഇത്. 

ആഗോള തലത്തിലും കഴിഞ്ഞ മൂന്നു മാസക്കാലയളവില്‍ വലിയ കയറ്റിറക്കങ്ങള്‍ സ്വര്‍ണവിലയില്‍ ഉണ്ടായി. ഫെഡറൽ റിസർവിന്‍റെ കഴിഞ്ഞ ആഴ്‌ചയിലെ പലിശ നിരക്ക് തീരുമാനത്തിന്റെ സ്വാധീനത്തെ നിക്ഷേപകർ ജാഗ്രതയോടെ വിലയിരുത്തുന്നതിന്‍റെ ഫലമായാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വില താഴോട്ടുള്ള പ്രവണത പ്രകടിപ്പിക്കുന്നത്. യുഎസ് കോണ്‍ഗ്രസിനു മുമ്പാകെ ഫെഡ് റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നടത്തിയ പ്രസ്താവനകള്‍ സ്വര്‍ണ വിപണിയില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് വരും ദീവസങ്ങളില്‍ അറിയാനാകും. പണപ്പെരുപ്പം ലക്ഷ്യമിടുന്ന 2 ശതമാനത്തിലേക്ക് എത്താന്‍ ഇനിയും ഏറെ ദൂരമുണ്ടെന്ന് വിലയിരുത്തുന്ന പവ്വല്‍ നിരക്ക് വര്‍ധനയുടെ ചക്രം പുനരാരംഭിക്കുമെന്ന സൂചനകളും നല്‍കിയിട്ടുണ്ട്. 

പവ്വലിന്‍റെ പ്രസ്താവന ആഗോള തലത്തില്‍ ഓഹരി വിപണികളിലെ ചാഞ്ചാട്ടങ്ങളിലേക്ക് വഴിവെച്ചിട്ടുണ്ട്. സ്വര്‍ണ വിപണി തുടര്‍ന്നും താഴോട്ടു പോകുന്നതിനെ പ്രതിരോധിക്കുന്നതായും ഈ സാഹചര്യം ഉരുത്തിരിഞ്ഞേക്കാം. ഏപ്രിലിൽ ഔണ്‍സിന് 2,082 ഡോളര്‍ എന്ന റെക്കോഡ് ഉയരത്തിലേക്ക് സ്വര്‍ണ വില ആഗോള വിപണിയില്‍ എത്തിയിരുന്നു. അവിടെ നിന്ന് അത് ഇപ്പോള്‍ 1,928.39 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. എങ്കിലും 2022ലെ ഏറ്റവും താഴ്ന്ന നിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 20 ശതമാനത്തിലധികം ഉയർച്ചയിലാണ് സ്വര്‍ണ വില.

ഏപ്രിലിലും മേയ് തുടക്കത്തിലും  സംസ്ഥാനത്തെ സ്വര്‍ണ വിലയും കുതിച്ചുയര്‍ന്നിരുന്നു. മേയ് 5ന് 22 കാരറ്റ് സ്വര്‍ണം ഗ്രമിന് 5720 രൂപയെന്ന റെക്കോഡ് വില രേഖപ്പെടുത്തി. എന്നാല്‍ തുടര്‍ന്നങ്ങോട്ട് വലിയ ചാഞ്ചാട്ടമാണ് വിലയില്‍ ഉണ്ടായത്. ജൂണില്‍ ഏറെ ദിവസങ്ങളിലും ഇടിവാണ് ഉണ്ടായത്. സംസ്ഥാനത്ത് കഴിഞ്ഞ 12 ദിവസങ്ങള്‍ക്കിടെ ജൂണ്‍ 16 വെള്ളിയാഴ്ച മാത്രമാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്.  മേയ് 5 ലെ റെക്കോഡ് വിലയുമായുള്ള താരതമ്യത്തില്‍ 2160 രൂപയുടെ ഇടിവാണ് 22 കാരറ്റ് സ്വര്‍ണത്തിന് ഇപ്പോള്‍ വന്നിട്ടുള്ളത്. 

യുഎസിലെ വായ്പാ പരിധി ഉയര്‍ത്തുന്നതിന് അംഗീകാരം ലഭിച്ചതും സ്വര്‍ണവിലയെ പിന്തുണയ്ക്കുന്ന ഘടകമായി മുന്നിലുണ്ട്.  അമേരിക്ക ഉടന്‍ വായ്പാ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യതയൊന്നും മുന്നിലില്ലെങ്കിലും ഭാവിയില്‍ വായ്പാദാതാക്കല്‍ യുഎസിനോട് ഉയർന്ന പലിശനിരക്ക് ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിലെല്ലാം സ്വർണം നിക്ഷേപകർക്ക് നല്ലൊരു സുരക്ഷിത താവളമായി മാറും. വിവിധ രാജ്യങ്ങള്‍ സ്വര്‍ണ കരുതല്‍ ശേഖരം വര്‍ധിപ്പിക്കുന്നതും സ്വര്‍ണത്തിന്‍റെ ശുഷ്‍കമായ ഉല്‍പ്പാദന വളര്‍ച്ചയും കണക്കിലെടുക്കുമ്പോള്‍ വലിയ വീഴ്ച സ്വര്‍ണത്തിന് ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് നിക്ഷേപകര്‍.

വെള്ളി വിലയിലും സ്വര്‍ണ വിലയ്ക്ക് സമാനമായ പ്രവണതയാണ് പൊതുവില്‍ കാണാനാകുന്നത്. ഇന്ന് വെള്ളി വില ഒരു ഗ്രാമിന് 1.50 രൂപയുടെ ഇടിവോടെ 75 രൂപയിലെത്തി. 8 ഗ്രാം വെള്ളിയുടെ വില ഇന്ന് 600 രൂപയാണ്, ഇന്നലത്തെ വിലയില്‍ നിന്ന് 12 രൂപയുടെ ഇടിവാണിത്. ഡോളറിനെതിരേ ഇന്ന് രൂപയുടെ മൂല്യം വീണ്ടും നേരിയ തോതില്‍ ഉയര്‍ന്നു, 1 ഡോളറിന് 81.92 രൂപ എന്ന നിലയിലാണ് ഇന്നത്തെ വിനിമയം.

Full View


Tags:    

Similar News