വില ഇടിഞ്ഞ് ജാതിക്ക; രൂക്ഷമായി കുരുമുളക് ക്ഷാമം

  • ജാതിക്ക ഉല്‍പാദനം കുറയുന്നു
  • ഡിമാന്റുയര്‍ന്ന് കുരുമുളക്
  • വില്‍പ്പനക്കാരില്ലാതെ റബര്‍ ഷീറ്റ്‌

Update: 2024-06-10 12:02 GMT

അന്താരാഷ്ട്ര വിപണിയില്‍ കുരുമുളകിന് ആവശ്യം വര്‍ധിച്ചതോടെ കയറ്റുമതി രാജ്യങ്ങള്‍ നിരക്ക് ഉയര്‍ത്താന്‍ മത്സരിക്കുന്നു. ചരക്ക് ക്ഷാമം രൂക്ഷമായതിനാല്‍ കിട്ടുന്ന വിലയ്ക്ക് മുളക് സംഭരിക്കാന്‍ ഇറക്കുമതിക്കാരും രംഗത്തുണ്ട്. ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 8300 ഡോളറായി ഉയര്‍ത്തിയതിന്റെ ചുവട് പിടിച്ച് ഇന്തോനേഷ്യന്‍ കയറ്റുമതിക്കാരും കൂടിയ വില ആവശ്യപ്പെട്ടു. മറ്റ് ഉല്‍പാദന രാജ്യങ്ങളും വില ഉയര്‍ത്തി. ഗാര്‍ബിള്‍ഡ് കുരുമുളക് 67,500 രൂപയില്‍ വിപണനം നടന്നു.

ജാതിക്ക

ജാതിക്ക കര്‍ഷകര്‍ പുതിയ ചരക്ക് വില്‍പ്പനയ്ക്ക് എത്തിച്ചതിനിടയില്‍ വാങ്ങലുകാര്‍ ഉല്‍പ്പന്ന വില ഇടിച്ചു. മദ്ധ്യകേരളത്തിലെ തോട്ടങ്ങളില്‍ നിന്നും മൂത്ത് വിളഞ്ഞ ജാതിക്കയും, പത്രിയും കര്‍ഷകര്‍ വില്‍പ്പനയ്ക്ക് ഇറക്കുന്നുണ്ട്. വിപണികളില്‍ എത്തുന്നതില്‍ ഏറിയ പങ്കും ഉണക്ക് കൂടിയ ചരക്കാണെങ്കിലും ജലാംശം കൂടുതലെന്ന കാരണം ഉന്നയിച്ച് വില ഇടിക്കുന്നതായി ഉല്‍പാദകര്‍. മുന്‍ മാസങ്ങളിലെ ഉയര്‍ന്ന പകല്‍ താപനിലയില്‍ പിടിച്ചു നില്‍ക്കാനാവാതെ പലതോട്ടങ്ങളിലും ജാതിക്ക കൊഴിഞ്ഞു വീണത് ഉല്‍പാദനം കുറയാനും ഇടയാക്കി. ജാതിക്ക തൊണ്ടന്‍ 180230 രൂപയിലും ജാതിപരിപ്പ് 400425 രൂപയിലും ജാതിപത്രി 1000 രൂപയിലും വിപണനം നടന്നു.

റബര്‍

ടയര്‍ കമ്പനികളും ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികളും റബറിനായി പരക്കം പായുന്നു. വിപണിയില്‍ ഷീറ്റിന് വില്‍പ്പനക്കാരില്ലാതായോടെ കിട്ടുന്ന വിലയ്ക്ക് റബര്‍ കൈക്കാലാക്കാനുള്ള പരക്കം പാച്ചലിലാണ് വ്യവസായികള്‍. നാലാം ഗ്രേഡ് റബര്‍ വില 200 രൂപ വര്‍ദ്ധിച്ച് 20,200 രൂപയായി. ആഭ്യന്തര വ്യാപാരികളും കയറ്റുമതിക്കാരും ഏലക്ക ലേലത്തില്‍ ചരക്ക് സംഭരിക്കാന്‍ മത്സരിച്ചു. വാരാന്ത്യം നടന്ന രണ്ട് വ്യത്യസ്ഥ ലേലങ്ങളില്‍ ശരാശരി ഇനങ്ങളുടെ വില കിലോ ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 2568 രൂപ വരെ കയറി. മികച്ചയിനങ്ങള്‍ 3300 രൂപയ്ക്ക് മുകളിലും കൈമാറി.


Tags:    

Similar News