കുരുമുളകിന് വിലയിടിവ് തുടരുന്നു; റബര്‍വിലയില്‍ ഉയര്‍ച്ച
- കുരുമുളകിന് രണ്ട് ദിവസത്തിനുള്ളില്‍ ക്വിന്റ്റലിന് 800 രൂപ ഇടിഞ്ഞു
- റബര്‍വില നാലാം ഗ്രേഡിന് 183 രൂപ
- ഏലം വിളവെടുപ്പ് പുരോഗമിക്കുന്നു
ഹൈറേഞ്ചിലെ കുരുമുളക് കര്‍ഷകര്‍ ചരക്ക് നീക്കം കുറച്ച് വില തകര്‍ച്ച തടയാന്‍ ശ്രമം നടത്തിയിട്ടും വിജയിച്ചില്ല. പിന്നിട്ട രണ്ട് ദിവസത്തില്‍ ക്വിന്റ്റലിന് 800 രൂപ ഇടിഞ്ഞതാണ് ചരക്ക് വില്‍പ്പന നിയന്ത്രിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിച്ചത്. ഇന്ന് വീണ്ടും 200 രൂപ കുറഞ്ഞതോടെ മൂന്ന് ദിവസത്തിനിടയില്‍ ഉല്‍പ്പന്നവില 1000 രൂപ കുറഞ്ഞു. ഇറക്കുമതി ചരക്ക് താഴ്ന്ന വിലയ്ക്ക് വിറ്റുമാറാന്‍ ഒരുവിഭാഗം ശ്രമം തുടരുന്നതാണ് തിരിച്ചടിക്ക് കാരണം. കൊച്ചിയില്‍ അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് 62,200 രൂപ. അന്താരാഷ്ട്രമാര്‍ക്കറ്റില്‍ മുഖ്യ ഉല്‍പാദനരാജ്യങ്ങളുടെ മുളക് വിലയില്‍ കാര്യമായ മാറ്റില്ല.
ഈ വര്‍ഷത്തെ അവസാനറൗണ്ട് ഏലം വിളവെടുപ്പ് പുരോഗമിക്കുന്നു. ഹൈറേഞ്ചില്‍ നടന്ന ലേലത്തില്‍ ഇന്ന് ഏലക്കവരവ് കുത്തനെ കുറഞ്ഞു. ഇന്നലെ അരലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക വില്‍പ്പനയ്ക്ക് വന്ന സ്ഥാനത്ത് ഇന്ന് വരവ് 11,773 കിലോയില്‍ ഒതുങ്ങി. ശരാശരി ഇനങ്ങള്‍ കിലോ 2753 രൂപയിലും മികച്ചയിനങ്ങള്‍ 2991 രൂപയിലും കൈമാറി. ആഭ്യന്തര വിദേശ ഇടപാടുകാര്‍ ചരക്ക് സംഭരണരംഗത്ത് നിലയുറപ്പിച്ചിരുന്നു.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിന് മുന്നില്‍ ജപ്പാനീസ് യെന്നിന് നേരിട്ട മൂല്യതകര്‍ച്ച നിക്ഷേപകരെ റബറിലേയ്ക്ക് അടുപ്പിച്ചത് സിംഗപ്പുര്‍, ചൈനീസ് അവധി വ്യാപാരകേന്ദ്രങ്ങളെയും സജീവമാക്കി. ജപ്പാനില്‍ റബര്‍ വിലമൂന്ന് ശതമാനത്തിനടുത്ത് ഉയര്‍ന്നതോടെ മുഖ്യ ഉല്‍പാദനരാജ്യമായ തായ്‌ലാന്റ്റില്‍ ഷീറ്റ് വില കിലോഏഴ് രൂപ ഉയര്‍ന്ന് 195 രൂപയായി. കേരളത്തില്‍ പലഭാഗങ്ങളിലും രാത്രിമഴ നിലനിന്നതിനാല്‍ റബര്‍ ടാപ്പിങിന് തടസം നേരിട്ടു. കൊച്ചിയില്‍ നാലാം ഗ്രേഡിന് ഒരുരൂപ ഉയര്‍ന്ന് 183 രൂപയായി.