അന്താരാഷ്ട്ര റബർ അവധി വ്യാപാര രംഗത്ത് ശക്തമായ വിൽപ്പന സമ്മർദ്ദം അനുഭവപ്പെട്ടു. യുഎസ് ഡോളറിൻറ മൂല്യം ഉയർന്നത് ഊഹക്കച്ചവടക്കാരെ റബറിൽ വിൽപ്പനയ്ക്ക് പ്രേരിപ്പിച്ചത് ജപ്പാൻ, സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളെ പ്രതിസന്ധിലാക്കി. ഊഹക്കച്ചവടക്കാർ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചതിനിടയിൽ ജപ്പാനിൽ റബറിന് 350 യെന്നിൻറ നിർണായക താങ്ങ് നഷ്ടപ്പെട്ടു.അവധി വ്യാപാരം ആടി ഉലഞ്ഞത് തായ്ലൻണ്ട്, ഇന്തോനേഷ്യ, മലേഷ്യൻ വിപണികളിൽ ആശങ്കപരത്തി, ബാങ്കോക്കിൽ ഷീറ്റ് വില 202 രൂപയിൽ നിന്നും 200 ലേയ്ക്ക് താഴ്ന്നു. അതേസമയം സംസ്ഥാനത്ത് നാലാംഗ്രേഡ് റബർ 182 രൂപയിൽ സ്റ്റെഡിയാണ്.
വെളിച്ചെണ്ണ വില ക്വിൻറ്റലിന് 200 രൂപവർദ്ധിച്ചു. ഏഷ്യൻ വിപണികളിൽ പാംഓയിൽ വില ഉയരുന്നത് കണക്കിലെടുത്താൽ നാളികേരോൽപ്പന്നങ്ങളുടെ വില കൂടുതൽ മുന്നേറാൻ സാധ്യത. ദക്ഷിണേന്ത്യയിൽ കൊപ്ര ക്ഷാമം നിലനിൽക്കുന്നതിനാൽ മില്ലുകാർ വില ഉയർത്തിയിട്ടും കാര്യമായി കൊപ്ര ശേഖരിക്കാനായില്ല.കേരളത്തിലും തമിഴ്നാട്ടിലും പച്ച തേങ്ങ ലഭ്യത ചുരുങ്ങിയത് വിപണിയുടെ മുന്നേറ്റ സാധ്യതകൾക്ക് ശക്തി പകരുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ വില 20,300 രൂപയായും കൊപ്ര 13,500 രൂപയായും വർദ്ധിച്ചു.
ഏലക്ക മുന്നേറ്റത്തിൻറ പാദയിലാണ്. ശരാശരി ഇനങ്ങൾ തുടർച്ചയായ ദിവസങ്ങളിൽ കിലോ 2500 രൂപയ്ക്ക് മുകളിൽ സ്ഥിരതകാണിച്ചു. ഹൈറേഞ്ചിൽ വിളവെടുപ്പ് സജീവമെങ്കിലും ഡിമാൻറ്റിന് അനുസൃതമായി ഉൽപ്പന്നം ലേല കേന്ദ്രങ്ങളിൽ എത്തുന്നില്ല. ആഭ്യന്തര വിദേശഡിമാൻറ് ഉയരുമെന്നാണ് ലേലകേന്ദ്രങ്ങളിൽ നിന്നുള്ള സൂചന. ശാന്തൻപാറയിൽ നടന്ന ലേലത്തിൽ ശരാശരി ഇനങ്ങൾ കിലോ 2517 രൂപയിലും മികച്ചയിനങ്ങൾ 2771 രൂപയിലുമാണ്. മൊത്തം 28,085 കിലോ ഏലക്കയുടെ ഇടപാടുകൾ നടന്നു.