റബര്‍ വിപണി ആശങ്കയില്‍; ഏരിവുകൂടി കുരുമുളക്

  • ആഭ്യന്തര റബര്‍ കൂടുതലായി ശേഖരിക്കാന്‍ ടയര്‍ ലോബി തയ്യാറാകുന്നില്ല
  • കുരുമുളക് വില മുകളിലേക്ക്

Update: 2024-10-30 11:52 GMT

വിദേശ റബര്‍ ഇറക്കുമതിക്ക് മാത്രം മുന്‍തൂക്കം നല്‍ക്കാതെ ആഭ്യന്തരഷീറ്റ് കൂടുതലായി ശേഖരിക്കാന്‍ ടയര്‍ നിര്‍മ്മാതാക്കള്‍ താല്‍പര്യം കാണിക്കണമെന്ന റബര്‍ ബോര്‍ഡ് ആവശ്യത്തോട് ടയര്‍ ലോബി എത്രമാത്രം സഹകരിക്കുമെന്ന് ഉറ്റ് നോക്കുകയാണ് കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന റബര്‍ കര്‍ഷകര്‍. വരുംദിനങ്ങളില്‍ ടയര്‍ കമ്പനികള്‍ കേന്ദ്ര ഏജന്‍സിയുടെ നിലപാടിനോട് അനുഭവം പ്രകടിപ്പിക്കുമോയെന്ന് കാത്തിരുന്ന് കാണാം. നവംബര്‍, ഡിസംബര്‍ ഉല്‍പാദനം ഉയരുന്ന സന്ദര്‍ഭമാണ്. വ്യവസായികളുടെ പിന്തുണ ഉറപ്പ് വരുത്താനായാല്‍ മാത്രമേ വിപണിക്ക് നിലവിലുള്ള വിലയിലെങ്കിലും പിടിച്ചുനില്‍ക്കാനാവു. രാജ്യാന്തരമാര്‍ക്കറ്റില്‍ റബര്‍ വില 200 രൂപയുടെ താങ്ങ് നഷ്ടപ്പെട്ട് 192ലേയ്ക്ക് താഴ്‌ന്നെങ്കിലും ഇന്ത്യന്‍ വില 180 രൂപയില്‍ സ്റ്റെഡിയാണ്.

ഉത്തരേന്ത്യന്‍ വാങ്ങലുകാര്‍ സുഗന്ധവ്യഞ്ജന വിപണികളില്‍ നിന്നും അല്‍പ്പം പിന്‍വലിഞ്ഞു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രംഗംവിട്ട അവര്‍ അടുത്തവാരം വിപണിയില്‍ തിരിച്ചെത്തും. കുരുമുളക് ക്ഷാമം കണക്കിലെടുത്ത് വാങ്ങലുകാര്‍ മുന്‍ കൂര്‍ കച്ചവടങ്ങള്‍ക്ക് ഉത്സാഹിക്കുന്നുണ്ട്. വിപണി വിലയിലും ഉയര്‍ത്തി കച്ചവടങ്ങള്‍ ഉറപ്പിക്കാന്‍ തമിഴ്‌നാട്ടിലെ വാങ്ങലുകാര്‍ കാര്‍ഷികമേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. മുളകിന് ക്ഷാമം നിലനില്‍ക്കുന്നതിനാല്‍ നിരക്ക് ഉയരുമെന്ന നിലപാടിലാണ് ഉത്തരേന്ത്യന്‍ വ്യാപാരികളും, അണ്‍ ഗാര്‍ബിള്‍ഡ് 100 രൂപവര്‍ധിച്ച് 63,500 ല്‍ വ്യാപാരം അവസാനിച്ചു.

ദീപാവലി ഡിമാന്റല്‍ ഭക്ഷ്യയെണ്ണ വിപണികള്‍ സജീവം. ഉത്സവ ഡിമാന്‍ഡ് വെളിച്ചെണ്ണയ്ക്കും ആവേശംപകര്‍ന്നു, പ്രദേശികവിപണികളില്‍ നിന്നും മാസാരംഭ ഡിമാന്‍ഡ്് അടുത്തദിവസങ്ങളില്‍ പ്രതീക്ഷിക്കുന്നതിനാല്‍ വില ഇനിയും ഉയരാം. എന്നാല്‍ മില്ലുകാര്‍ കൂടി വില നല്‍കി കൊപ്രശേഖരിക്കാന്‍ ഇനിയും താല്‍പര്യം കാണിച്ചിട്ടില്ല. ഉത്സവ കാല ഡിമാന്റില്‍ പാംഓയില്‍ വില ഒരുമാസകാലയളവില്‍ 37 ശതമാനം വര്‍ധിച്ചപ്പോള്‍ കടുക് എണ്ണവില 29 ശതമാനംഉയര്‍ന്നു.

ഉല്‍പാദനമേഖലയില്‍ നടന്ന ഏലക്കലേലത്തിന് വന്ന ചരക്ക് പൂര്‍ണമായി വിറ്റഴിഞ്ഞു. ദീപാവലി ഡിമാന്‍ഡും വിപണികളിലെ ചരക്ക് ക്ഷാമവും വാങ്ങലുകാരെ ആകര്‍ഷിച്ചു. ശരാശരി ഇനങ്ങള്‍ കിലോ 2365 രൂപയിലും വലിപ്പംകൂടിയ ഇനങ്ങള്‍ 2618 രൂപയിലും ലേലംനടന്നു. ആഭ്യന്തരവാങ്ങലുകാര്‍ക്ക് ഒപ്പം കയറ്റുമതി സമൂഹവും ലേലത്തില്‍ സജീവമായിരുന്നു. ലേലത്തിന് വന്നത് മൊത്തം 19,281 കിലോഏലക്കയാണ്.

Tags:    

Similar News