ബാങ്കോക്കിൽ റബർ വില ഉയർന്നെങ്കിലും അവധി വ്യാപാര രംഗത്ത് നിലനിന്ന വിൽപ്പന സമ്മർദ്ദം തുടരുന്നു. പ്രമുഖ കയറ്റുമതി വിപണിയായ ബാങ്കോക്കിൽ ഷീറ്റു വില 21,011 രൂപയായി കയറിയെങ്കിലും ഇന്ത്യൻ ടയർ നിർമ്മാതാക്കൾ ആഭ്യന്തര നിരക്ക് ഉയർത്തിയില്ല. സംസ്ഥാനത്ത് നാലാം ഗ്രേഡ് 19,000 രൂപയിലും അഞ്ചാം ഗ്രേഡ് 18,500 രൂപയിലും സ്റ്റെഡിയാണ്. അതേസമയം മഴമൂലം ടാപ്പിങ്ങിനു നേരിട്ട തടസം മുൻനിർത്തി വ്യവസായികൾ ലാറ്റക്സ് വില 11,600 രൂപയായി ഉയർത്തി. ഉത്തരേന്ത്യയിൽ അഗർത്തല വിപണിയിൽ നാലാം ഗ്രേഡ് കിലോ 182 രൂപയിലും അഞ്ചാം ഗ്രേഡ് 179 രൂപയിലും വ്യാപാരം നടന്നു.
ആഗോള കാപ്പി ഉൽപാദനം ചുരുങ്ങുമെന്ന വിലയിരുത്തൽ വിലക്കയറ്റം ശക്തമാക്കുന്നു. 1977 ന് ശേഷമുള്ള മുള്ള ഏറ്റവും ആകർഷകമായ വിലയിലാണ് അന്താരാഷ്ട്ര മാർക്കറ്റിൽ കാപ്പിയുടെ ഇടപാടുകൾ നടക്കുന്നത്. മുഖ്യ ഉൽപാദന രാജ്യങ്ങളായ കൊളംബിയ, ബ്രസീൽ എന്നിവിടങ്ങളിൽ കാപ്പി വിളവ് ചുരുങ്ങുമെന്നത് മുൻകൂർ വ്യാപാരങ്ങൾക്ക് ഇടപാടുകാർ മത്സരിച്ചു. ഇതിനിടയിൽ വയനാട്ടിലെ കാപ്പി തോട്ടങ്ങളിൽ നിന്നും പുതിയ ചരക്കു വിൽപ്പനക്ക് ഇറങ്ങി. വെയിലിൻറ അഭാവംമൂലം വേണ്ടത്ര ഉണക്കി ലഭിക്കാത്ത ചരക്കാണ് പല വിപണികളിൽ വിൽപ്പനക്ക് വന്നത്. കിലോ 400-410 രൂപയിൽ വ്യാപാരം നടന്നു. തെളിഞ്ഞ കാലാവസ്ഥ ലഭ്യമായാൽ കാപ്പിവിളവെടുപ്പ് ഉർജിതമാകും.
ഉൽപാദന മേഖലയിൽ നടന്ന ഏലക്ക ലേലത്തിൽ ഉൽപ്പന്ന വിലയിൽ കാര്യമായ വില വ്യതിയാനം ദൃശ്യമായില്ല. ഉൽപാദന മേഖലയിൽ നടന്ന ലേലത്തിൽ ആഭ്യന്തര ഇടപാടുകരും കയറ്റമതിക്കാരും രംഗത്തുണ്ടായിരുന്നിട്ടും ശരാശരി ഇനങ്ങൾ കിലോ 2890 രൂപയിലും മികച്ചയിനങ്ങൾ 3373 രൂപയിലും കൈമാറ്റം നടന്നു. മൊത്തം 44,290 കിലോഗ്രാം ഏലക്കയുടെ ലേലം നടന്നു.