ടിക്കറ്റ് കീറി ആദിപുരുഷ്‍; താഴേക്ക് വീണ് പിവിആര്‍ ഓഹരികള്‍
- 500 കോടി രൂപ മുതല്‍മുടക്കിലൊരുക്കിയ ചിത്രത്തില്‍ മോശം ഗ്രാഫിക്സ്
- ഇന്നലെ പിവിആര്‍- ഇനോക്സിന്‍റെ ഓഹരി വില 3.04% ഉയർന്നിരുന്നു
- നെറ്റ് കളക്ഷന്‍ 500 കോടിയില്‍ എത്താനിടയില്ലെന്ന് അനലിസ്റ്റുകള്‍
ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ മുതല്‍മുടക്കുകളില്‍ ഒന്നുമായി എത്തിയ പ്രഭാസ് ചിത്രം ആദിപുരുഷിന് ബോക്സ്ഓഫിസില്‍ മോശം പ്രതികരണം. '500 കോടി രൂപയോളം' മുതല്‍മുടക്കി ഒരുക്കിയ ചിത്രം മോശം വിഎഫ്എക്സും മോശം സംവിധാനവും മൂലം അസഹനീയ കാഴ്ചാനുഭവമാണ് നല്‍കുന്നതെന്ന് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു പിന്നാലെ തന്നെ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ പ്രതികരണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്സ് തിയറ്റര്‍ ശൃംഖലയുടെ ഉടമകളായ പിവിആര്‍ ഇനോക്സിന്‍റെ ഓഹരി വിലയില്‍ ഇടിവ് പ്രകടമായി.
ആദിപുരുഷ് റിലീസിന് മുന്നോടിയായി, ഇന്നലെ പിവിആര്‍- ഇനോക്സിന്‍റെ ഓഹരി വില 44.25 രൂപ അഥവാ 3.04% ഉയർന്നിരുന്നു. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 1,500.05 രൂപയായിരുന്നു വില. പ്രഭാസിനൊപ്പം കൃതി സനോന്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയ വമ്പന്‍ താരങ്ങള്‍ എത്തുന്നുവെന്നതും വന്‍ മുതല്‍ മുടക്കില്‍ 3ഡിയില്‍ എത്തുന്നുവെന്നതുമാണ് റിലീസിന് മുമ്പ് ചിത്രത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തുണയായത്. എന്നാല്‍ ചിത്രത്തിന്‍റെ ടീസറുകളുടെ ട്രെയിലറുകളും റിലീസായ ഘട്ടത്തില്‍ തന്നെ മോശം വിഎഫ്എക്സും രംഗങ്ങളും വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.
ചിത്രത്തിന് ലഭിച്ച മികച്ച അഡ്വാന്‍സ് ബുക്കിംഗുകളുടെ ട്രെന്‍ഡ് അടിസ്ഥാനമാക്കി നടപ്പുപാദത്തില്‍ പിവിആര്‍ ഇനോക്സിന്‍റെ വരുമാനത്തില്‍ ഒരു നാഴികക്കല്ലായി മാറാന്‍ ആദിപുരുഷിന് സാധിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. “ആദ്യ പാദത്തിലെ പിവിആര്‍ ഇനോക്സിന്‍റെ വരുമാനത്തില്‍ ഈ സിനിമയുടെ പ്രകടനം നിർണായകമാകുമെന്ന് വിശ്വസിക്കുന്നു. കഴിഞ്ഞ വര്‍ഷം നാലാംപാദത്തേക്കാള്‍ മികച്ചതാകും ഈ പാദമെന്നാണ് കരുതുന്നത്," ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചുകൊണ്ട് സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ പ്രഭുദാസ് ലില്ലെധറിലെ റിസര്‍ച്ച് അനലിസ്റ്റ് ജിനേഷ് ജോഷി പറഞ്ഞിരുന്നു.
കളഞ്ഞുകുളിച്ച വലിയ അവസരം
കഴിഞ്ഞ പാദത്തില്‍ 1150 കോടി രൂപയുടെ നെറ്റ് കളക്ഷന്‍ പിവിആര്‍ ഇനോക്സ് തങ്ങളുടെ സ്ക്രീനുകളില്‍ നിന്ന് നേടിയിരുന്നു. എങ്കിലും ഇതില്‍ വലിയ പങ്കുവഹിച്ചത് 3 തെന്നിന്ത്യന്‍ ചിത്രങ്ങളാണ്. തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തിയറ്റര്‍ വിഹിതമാണ് നല്‍കുന്നത്. അതിനാല്‍ ബോളിവുഡ് ചിത്രങ്ങളില്‍ നിന്നുള്ള കളക്ഷനാണ് തിയറ്റര്‍ കമ്പനിയെ സംബന്ധിച്ച് കൂടുതല്‍ ലാഭകരം.
ആദിപുരുഷ് ഇന്ത്യയില്‍ മൊത്തമായി 4000ല്‍ അധികം തിയറ്ററുകളില്‍ വിവിധ ഭാഷകളില്‍ റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഹിന്ദി താരങ്ങളുടെ സാന്നിധ്യത്തോടെ നേരിട്ട് ഹിന്ദിയിലൊരുക്കി എത്തുന്ന ചിത്രം ഉത്തരേന്ത്യയില്‍ വലിയ സാധ്യതയാണ് ലക്ഷ്യം വെച്ചിരുന്നത്. രാമായണ കഥയെ അധികരിച്ചൊരുക്കിയ ഒരു ചിത്രത്തിന് എക്കാലത്തും ഇന്ത്യന്‍ സമൂഹത്തില്‍ മികച്ച അവസരമുണ്ടായിട്ടും അണിയറ പ്രവർത്തകള്‍ ഇത് കളഞ്ഞുകുളിക്കുകയായിരുന്നു എന്നാണ് റിവ്യൂകള്‍ സൂചിപ്പിക്കുന്നത്.
ആദി പുരുഷ് നെറ്റ്കളക്ഷനില്‍ 500 കോടി രൂപയിലേക്ക് എത്തിയാല്‍, പിവിആര്‍ ഇനോക്സിന് ഈ പാദത്തില്‍ തങ്ങളുടെ സ്ക്രീനുകളില്‍ നിന്ന് ലഭിച്ച മൊത്തം നെറ്റ് കളക്ഷന്‍ 1130 കോടി രൂപയില്‍ എത്തുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഈ കളക്ഷനിലേക്ക് എത്താന്‍ ചിത്രത്തിന് കഴിയില്ലെന്നും ഇത് കമ്പനിയുടെ ഓഹരികള്‍ക്ക് തിരിച്ചടിയാകും എന്നുമാണ് വിലയിരുത്തപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ നാലു സിനിമകള്‍ പിവിആറില്‍ 100 കോടി രൂപയ്ക്ക് മുകളിലുള്ള നെറ്റ് ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. കിസി കാ ഭായ് കിസി കി ജാൻ 110 കോടിയും പൊന്നിയിന്‍ സെല്‍വന്‍-2 180 കോടിയും ദി കേരള സ്റ്റോറി 240 കോടിയും ഫാസ്റ്റ്-എക്സും 100 കോടിയും നേടി.
ഇന്ന് ഉച്ചയ്ക്ക് 1.15 നുള്ള വിവരം അനുസരിച്ച പിവിആര്‍ ഇനോക്സിന്‍റെ ഓഹരികള്‍ 1.79% ഇടിവോടെ 1472 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്.