കുതിപ്പ് തുടർന്ന് കുരുമുളക്, പൊന്നും വിലയിൽ ഏലക്ക

Update: 2025-01-09 12:41 GMT

ഹൈറേഞ്ചിൽ നിന്നും സംസ്ഥനത്തിൻറ മറ്റ് ഭാഗങ്ങളിൽ നിന്നും മുഖ്യ വിപണികളിലേയ്ക്കുള്ള കുരുമുളക് നീക്കം ഗണ്യമായി കുറഞ്ഞു. വില ഉയരുന്ന പ്രവണതയും അടുത്ത വിളവെടുപ്പിന് കാലതാമസം നേരിടുമെന്ന വിലയിരുത്തലുകളും നിരക്ക് ഉയർത്തി ചരക്ക് സംഭരിക്കാൻ വാങ്ങലുകാരെ പ്രേരിപ്പിച്ചു. കാർഷിക മേഖലകളിൽ നിന്നും ആകെ 14 ടൺ ചരക്ക് മാത്രമാണ് ഇന്ന് കൊച്ചിയിൽ വിൽപ്പനയ്ക്ക് എത്തിയത്, അൺ ഗാർബിൾഡ് കുരുമുളകിന് 200 രൂപ വർദ്ധിച്ച് 64,500 രൂപയായി. ഇതിനിടയിൽ വിയെറ്റ്നാമിൽ കുരുമുളക് വിലയിൽ വൻ ചാഞ്ചാട്ടം. രൂക്ഷമായ ചരക്ക് ക്ഷാമമാണ് അവിടെ നിരക്ക് കുതിച്ചു കയറാൻ ഇടയാക്കിയത്. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വില കൈപിടിയിൽ ഒതുക്കാൻ സ്റ്റോക്കിസ്റ്റുകൾ മത്സരിച്ചാൽ വരും ദിനങ്ങളിൽ ചാഞ്ചാട്ട സാധ്യത ശക്തമാകാം. എന്നാൽ നിലവിൽ വിയെറ്റ്നാമിൽ വിൽപ്പന സമ്മർദ്ദമില്ല.

സ്റ്റോക്കിസ്റ്റുകൾ ഏലക്ക വിൽപ്പനയ്ക്ക് ഉത്സാഹിച്ചത് ലേല കേന്ദ്രത്തിലേയ്ക്ക് ഉയർന്ന അളവിൽ ചരക്ക് എത്താൻ ഇടയാക്കി. 81,578 കിലോഗ്രാം ഏലക്ക വിൽപ്പനയ്ക്ക് വന്നതിൽ 79,649 കിലോയും വിറ്റഴിഞ്ഞു, 2025 പിറന്ന ശേഷം ചരക്ക് വരവ് ഒറ്റ ദിവസം ഇത്രമാത്രം ഉയരുന്നത് ആദ്യമാണ്. കയറ്റു മതിക്കാർ വലിപ്പം കൂടിയ ഇനങ്ങൾ കിലോ 4511 രൂപയിലും ശരാശരി ഇനം ഏലം 3114 രൂപയിലും ശേഖരിച്ചു.

ഏഷ്യൻ റബർ മാർക്കറ്റുകളിലെ ഉണർവ് കണ്ട് കയറ്റുമതി രാജ്യങ്ങൾ ഷീറ്റ് വില ഉയർത്തി. ജപ്പാനിലെ വിലക്കയറ്റം സിംഗപ്പൂർ, ചൈനീസ് മാർക്കറ്റുകളിലും റബറിന് കരുത്ത് പകർന്നതോടെ ബാങ്കോക്കിൽ ഷീറ്റ് വില 18,670 രൂപയിൽ നിന്നും 19,127രൂപയായി ഉയർന്നു. കൊച്ചിയിൽ നാലാം ഗ്രേഡ് ഷീറ്റിന് 18,800 രൂപയായും ലാറ്റക്സ് 12,400 രൂപയായും ഉയർന്നു. സംസ്ഥാനത്ത് പകൽ താപനില ഉയർന്നതോടെ റബർ മരങ്ങളിൽ നിന്നുള്ള പാൽ ലഭ്യത ചുരുങ്ങിയ സാഹചര്യത്തിൽ ഒരു വിഭാഗം കർഷകർ ടാപ്പിങിൽ നിന്നും പിൻതിരിയാൻ സാധ്യത.

വെളിച്ചെണ്ണ, കൊപ്രവിലകളിൽ മാറ്റമില്ല, കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും കൊപ്ര സ്റ്റെഡിയായി വിപണനം നടന്നു.

Tags:    

Similar News