ഇന്നും കുതിച്ച് കുരുമുളക്, കൊച്ചിയില്‍ അൺ ഗാർബിൾഡ് വില ഇങ്ങനെ

Update: 2025-01-10 13:00 GMT

ടയർ നിർമ്മാതാക്കളുടെ നിറ സാന്നിധ്യം സംസ്ഥാനത്തെ റബർ മാർക്കറ്റുകളെ വീണ്ടും സജീവമാക്കി. കൊച്ചി, കോട്ടയം, മലബാർ മേഖലകളിലേയ്ക്കുള്ള റബർ ഷീറ്റ് വരവ് ഗണ്യമായി കുറഞ്ഞത് മുൻ നിർത്തി കമ്പനി സപ്ലെയമാർ നിരക്ക് ഉയർത്തി ഷീറ്റ് ശേഖരിക്കാൻ ഉത്സാഹിച്ചു, ടയർ വ്യവസായികൾ നാലാം ഗ്രേഡ് റബറിന് കിലോ 190 രൂപവാഗ്ദാനം ചെയ്തപ്പോൾ വിൽപ്പനക്കാർ 192 രൂപവേണമെന്ന നിലപാടിലായിരുന്നു. വ്യവസായികൾക്ക് കാര്യമായ അളവിൽ ഇന്ന് ചരക്ക് കണ്ടത്താനായില്ല. ഇതിനിടയിൽ സംസ്ഥാനത്ത് പകൽ ചൂട് ശക്തമായതോടെ ഒട്ടുമിക്ക ഭാഗങ്ങളിലും റബർ ടാപ്പിങ് മന്ദഗതിയിലാണ്, ഉയർന്ന താപനില തുടരുന്നതിനാൽ മരങ്ങളിൽ നിന്നുള്ള യീൽഡ് പതിവിലും പകുതിയായിചുരുങ്ങിയെന്ന് ഉൽപാദകർ, ഈ നില തുടർന്നാൽ ജനുവരി അവസാനതോടെ പല ഭാഗങ്ങളിലും ടാപ്പിങ് സ്തംഭിക്കാൻ ഇടയുണ്ട്. ഏഷ്യൻ റബർ മാർക്കറ്റുകൾ എല്ലാം തന്നെ ഇന്ന് മികവിലായിരുന്നു, ബാങ്കോക്കിൽ ഷീറ്റ് വില 19,785 രൂപയായിഉയർന്നു.

കുരുമുളക് തോട്ടങ്ങളിൽ മുളക് മണികൾ മൂത്ത് തുടങ്ങിയെങ്കിലും വിളവെടുപ്പിന് ഇനിയും കാത്തിരിക്കണം.കാലാവസ്ഥ അനുകൂലമായാൽ ഫെബ്രുവരിയിൽ പുതിയ മുളക് വിപണികളിൽ ഇടം പിടിക്കും. അതേസമയം പ്രതീക്ഷയ്ക്ക് ഒത്ത് ചരക്ക് ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും സമയത്ത് എത്തുമോയെന്ന ആശങ്കയിയിലാണ് ഒരുവിഭാഗം ഉത്തരേന്ത്യൻ ഇടപാടുകാർ. അവർ തുടർച്ചയായ ദിവസങ്ങളിൽ വില ഉയർത്തിയിട്ടും ആവശ്യാനുസരണം ചരക്ക് കണ്ടെത്താൻ ക്ലേശിക്കുകയാണ്. വില ഇനിയും ഉയരുമെന്ന നിലപാടിൽ കർഷകരും മദ്ധ്യവർത്തികളും വിൽപ്പനയിൽ നിന്നും പിൻവലിഞ്ഞു. അൺ ഗാർബിൾഡ് കുരുമുളക് വില ഇന്ന് 64,600 രൂപയായി ഉയർന്നു.

കയറ്റുമതിക്കാരും ആഭ്യന്തര വ്യാപാരികളും ചേന്ന് ലേലത്തിന് എത്തിയ 77,862 കിലോഗ്രാം ഏലക്കയിൽ 77,664 കിലോയും മത്സരിച്ച് വാങ്ങി കൂട്ടി.അന്തർ സംസ്ഥാന ഇടപാടുകാരും രംഗത്ത് സജീവമായിരുന്നു. ശരാശരി ഇനങ്ങൾ കിലോ 3121 രൂപയിലും മികച്ചയിനങ്ങൾ 3401 രൂപയിലും ലേലം നടന്നു. ഉയർന്ന താപനില തുടരുന്നത് കണക്കിലെടുത്താൽ അടുത്ത മാസം ഹൈറേഞ്ചിലെ ഉൽപാദകർ വിളവെടുപ്പിൽ നിന്നും പിൻതിരിയാൻ നിർബന്ധിതമാവുമെന്ന ഭീതിയിലാണ് വാങ്ങലുകാർ. 

തമിഴ്നാട്ടിലെ മില്ലുകാർ വെളിച്ചെണ്ണ വില വീണ്ടും ഉയർത്തിയതിൻറ ചുവട് പിടിച്ച് കൊച്ചി മാർക്കറ്റ് നിരക്കും കയറി. കാങ്കയത്ത് എണ്ണവില ക്വിൻറ്റലിന് 75 രൂപ വർദ്ധിപ്പിച്ചപ്പോൾ കൊച്ചിയിൽ 100 രൂപ ഉയർന്ന് 22,200 രൂപയായി, അയൽ സംസ്ഥാനത്ത് എണ്ണവില 21,050 രൂപ മാത്രമാണ്. കൊപ്രയ്ക്കും പച്ചതേങ്ങയ്ക്കും വിൽപ്പനക്കാർ കുറഞ്ഞത് എണ്ണ വിപണി നേട്ടമാക്കി.

Tags:    

Similar News