പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം 28ന്; നിര്‍മ്മാണചെലവ് 971 കോടി
- മന്ദിരം പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുന്നത് ജൂലൈയില്‍
- അംഗങ്ങളുടെ ഇരിപ്പടശേഷി വര്‍ധിപ്പിച്ചു
- ഉയര്‍ന്ന സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ച് നിര്‍മ്മാണം
എന്‍ഡിഎ സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച് ഈ മാസം 28ന് പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. 2014 മെയ് 26നായിരുന്നു മോദി പ്രധാനമന്ത്രിയായി അധികാരമേറ്റത്.
പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മ്മാണ ചെലവ് 971 കോടി രൂപയാണ്. ഇതിനോടനുബന്ധിച്ച് നടന്ന ലേലത്തില്‍ ടാറ്റ പ്രോജക്ട്സ് ലിമിറ്റഡാണ് നിര്‍മ്മാണ കരാര്‍ നേടിയെടുത്തത്.
65,000 ചതുരശ്ര മീറ്ററോളം വിസ്തീര്‍ണത്തില്‍ ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം മഴക്കാല സമ്മേളനം ആരംഭിക്കുന്ന ജൂലൈയില്‍ മാത്രമേ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകൂ.
പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് കൂടുതല്‍ പാര്‍ലമെന്റ് അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ഉള്‍ക്കൊള്ളാനുള്ള ശേഷി ഉണ്ട്. ലോക്സഭാ ഹാളില്‍ 888 സീറ്റുകളും രാജ്യസഭാ ഹാളില്‍ 384 സീറ്റുകളുമാണ് ഉണ്ടാകുക.
കൂടാതെ, സംയുക്ത സമ്മേളനങ്ങള്‍ക്കായി 1,272 സീറ്റുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ലോക്സഭാ ഹാളും സജ്ജീകരിക്കും.
നിലവിലുള്ള പാര്‍ലമെന്റിന് മുന്നിലാണ് പുതിയ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പഴയ പാര്‍ലമെന്റ് മന്ദിരം 1927-ല്‍ നിര്‍മ്മിച്ചതാണ്. പുതിയ മന്ദിരം പ്രവര്‍ത്തനക്ഷമമായാല്‍ പഴയമന്ദിര പരിസരം ഒരു മ്യൂസിയമാക്കി മാറ്റും.
2020 സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയാണ് പുതിയ മന്ദിരത്തിന് തറക്കില്ലിട്ടത്. 2021ന്റെ തുടക്കത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
നിലവിലുള്ള പാര്‍ലമെന്റ് ഘടനയില്‍ എംപിമാര്‍ക്ക് ഇടുങ്ങിയ ഇരിപ്പിടമാണ് ഉള്ളത്. സംയുക്ത സമ്മേളനങ്ങളിലെ പരിമിതമായ സീറ്റുകളും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കൂടാതെ ജീവനക്കാര്‍ക്ക് മതിയായ ജോലി സ്ഥലം ലഭ്യമായിരുന്നില്ല.
ഇതിനെല്ലാം പുറമേ സുരക്ഷാ ആശങ്കകള്‍ പഴയ മന്ദിരത്തെ ചുറ്റി നിന്നിരുന്നു. ഇവയെല്ലാമാണ് പുതിയ മന്ദിരം പണികഴിപ്പിക്കുന്നതിനുള്ള കാരണങ്ങളായി പറഞ്ഞിരുന്നത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ഹിന്ദിയില്‍ സന്‍സദ് ഭവന്‍ എന്നറിയപ്പെടുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ പുതിയ ചിത്രങ്ങള്‍ കേന്ദ്രം പുറത്തുവിട്ടിട്ടുണ്ട്.
പുതിയ പാര്‍ലമെന്റ് മന്ദിരം 20,000 കോടിരൂപയുടെ സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് കീഴിലാണ് വരുന്നത്.
ഭൂകമ്പത്തെവരെ പ്രതിരോധിക്കുന്ന വിധമാണ് നിര്‍മ്മാണം. രണ്ടായിരം തൊഴിലാളികള്‍ നേരിട്ടും ഒന്‍പതിനായിരം പേര്‍ പരോക്ഷമായും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.
ന്യൂഡല്‍ഹിയിലെ റെയ്സിന ഹില്ലില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം നവീകരിക്കാന്‍ ലക്ഷ്യമിടുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ പ്രധാന ആകര്‍ഷണമായി പുതിയ പാര്‍ലമെന്റ് മന്ദിരം സജ്ജീകരിച്ചിരിക്കുന്നു. രാജ്പഥിലെ നിലവിലെ പാര്‍ലമെന്റ് കെട്ടിടത്തിന് സമീപം തന്നെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.
ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് 150 വര്‍ഷത്തിലധികം ആയുസ്സുള്ള വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നത് പ്രത്യേകതയാണ്. ഇതിന് പഴയ പാര്‍ലമെന്റില്‍ നിന്ന് വ്യത്യസ്തമായി സെന്‍ട്രല്‍ ഹാള്‍ ഉണ്ടാകില്ല.
കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാസ്തുവിദ്യാശൈലികളും ഉപയോഗപ്പെടുത്തിയതായി സൂചനയുണ്ട്.
സുരക്ഷയ്ക്ക് അതീവ പ്രാധാന്യം നല്‍കിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. കര്‍ത്തവ്യപഥ്, പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും പുതിയ വസതികള്‍ എന്നിവയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയിലെ മറ്റ് നവീകരണങ്ങള്‍.