ഡ്രോണ്‍ ശക്തി, രാസരഹിത കൃഷി, അഗ്രിടെക്ക്: കാര്‍ഷിക മേഖലയ്ക്ക് ബജറ്റില്‍ പ്രതീക്ഷ ഏറെ
- രാസരഹിത പ്രകൃതി കൃഷി മുതല്‍ കയറ്റുമതിയില്‍ വരെ കാര്‍ഷിക മേഖലയ്ക്ക് ഒട്ടേറെ ആവശ്യങ്ങള്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ സാധ്യമാകേണ്ടതുണ്ട്.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് എന്നറിയപ്പെടുന്ന കാര്‍ഷിക-കാര്‍ഷിക അനുബന്ധ മേഖല വരുന്ന ബജറ്റില്‍ മുന്‍വര്‍ഷത്തേക്കാളേറെ പ്രതീക്ഷ വെയ്ക്കുന്നുണ്ട്. പരമ്പരാഗത കൃഷി രീതികളില്‍ നിന്നും സാങ്കേതിക വിദ്യയിലൂന്നിയ മാറ്റങ്ങള്‍ മുതല്‍ കാര്‍ഷികോത്പന്നങ്ങള്‍ ആഗോളതലത്തിലെത്തിക്കുന്നതിനുള്ള സപ്ലൈ ചെയിന്‍ സംവിധാനം ശക്തമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കാന്‍ തുടങ്ങിയിയിട്ട് കാലമേറെയായി. 2022 ഫെബ്രുവരി ഒന്നിന് കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലും കാര്‍ഷിക മേഖലയ്ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും ഇവയില്‍ മിക്കതിന്റെയും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്.
താങ്ങുവില ഇനത്തില്‍ 2.37 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കും എന്നത് മുതല്‍ ജൈവ കൃഷി രീതിയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നും നദീസംയോജന പദ്ധതിയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നുമുള്‍പ്പടെയുള്ള പ്രഖ്യാപനങ്ങളാണ് 2022ലെ കേന്ദ്ര ബജറ്റിലുണ്ടായിരുന്നത്. എന്നാല്‍ രാസരഹിത പ്രകൃതി കൃഷി മുതല്‍ കയറ്റുമതിയില്‍ വരെ കാര്‍ഷിക മേഖലയ്ക്ക് ഒട്ടേറെ ആവശ്യങ്ങള്‍ ഇനിയും സര്‍ക്കാര്‍ തലത്തില്‍ സാധ്യമാകേണ്ടതുണ്ട്.
വരുന്ന ബജറ്റില്‍ കാര്‍ഷിക മേഖല ഇത്തരം അനുകൂലമായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നുമുണ്ട്. 2030 ആകുമ്പോഴേയ്ക്കും രാജ്യത്തെ അഗ്രിടെക്ക് , അനുബന്ധ മേഖലകളില്‍ നിന്നുമായി 813 ബില്യണ്‍ യുഎസ് ഡോളറിന്റെ വരുമാനം സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ നഗരവത്ക്കരണം മുതല്‍ ആളുകള്‍ ഉത്പന്നം വാങ്ങുന്ന രീതികളിലടക്കം മാറ്റം വന്നതോടെ കൃഷി രീതികള്‍ മുതല്‍ ഉത്പന്ന വിതരണത്തില്‍ വരെ വന്‍ മാറ്റങ്ങള്‍ കൂടിയേ തീരൂ എന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ബജറ്റിലെ ഏറ്റവും മുഖ്യ പ്രഖ്യാപനങ്ങളായിരുന്നു രാസരഹിത പ്രകൃതിദത്ത കൃഷി രീതി, എണ്ണക്കുരുവിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നീക്കം എന്നിവ. ആദ്യഘട്ടത്തില്‍ ഗംഗാ നദിയുടെ അഞ്ച് കിലോമീറ്റര്‍ ദൂരപരിധിയിലുള്ള കൃഷിസ്ഥലങ്ങളില്‍ രാസരഹിതമായ രീതികള്‍ നടത്താന്‍ വേണ്ട സംവിധാനം ഒരുക്കുകയായിരുന്നു ലക്ഷ്യം. മാത്രമല്ല എണ്ണക്കുരുവിന്റെ ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിച്ച് ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുക എന്നതും സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായിരുന്നു. ഇതിന് വേണ്ട ചുവടുവെപ്പുകള്‍ ആരംഭിച്ചുവെങ്കിലും ഇത് പൂര്‍ണതോതില്‍ സജ്ജമായിട്ടില്ല. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് നടന്ന പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ റിപ്പോര്‍ട്ടും ലഭ്യമായിട്ടില്ല.
വിളകള്‍ പരിശോധിക്കുന്നത് മുതല്‍ കീടനാശിനി തളിക്കല്‍ വരെ സാധ്യമാക്കുന്ന കിസാന്‍ ഡ്രോണുകള്‍ വിന്യസിക്കും എന്നതും കഴിഞ്ഞ ബജറ്റിലെ മുഖ്യ പ്രഖ്യാപനമായിരുന്നു. ടെക്ക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഡ്രോണ്‍ സേവനം വ്യാപിപ്പിക്കാന്‍ പ്രാപ്തമാക്കുന്ന ഡ്രോണ്‍ ശക്തി പദ്ധതിയും പ്രഖ്യാപനങ്ങളിലുണ്ടായിരുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലെ ഗോതമ്പ് പാടങ്ങളില്‍ ചിലതിലുള്‍പ്പടെ ഡ്രോണ്‍ സേവനം നടപ്പിലാക്കിയെങ്കിലും സാങ്കേതികവിദ്യയുടെ സേവനങ്ങള്‍ ലഭ്യമാകാത്ത ഒട്ടേറെ സ്ഥലങ്ങള്‍ ഇനിയുമുണ്ട്. പല സംസ്ഥാനങ്ങളുടേയും ബജറ്റില്‍ ടെക്ക്-അധിഷ്ഠിത കൃഷി രീതിയ്ക്ക് സാമ്പത്തിക പിന്തുണ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവ എത്രത്തോളം നടപ്പാക്കി എന്ന് സമഗ്ര റിപ്പോര്‍ട്ട് ലഭ്യമായിട്ടില്ല.
2024ല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വരുന്ന ബജറ്റ് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കാര്‍ഷിക നിയമം സംബന്ധിച്ച് ബില്ലുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നടത്തിയ സമരം ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ മൂലം വളരെ ജാഗ്രതയോടെയാണ് കാര്‍ഷിക രംഗത്തെ കാണുന്നത്. താങ്ങുവില മുതല്‍ വിള ഇന്‍ഷുറസ് ഉള്‍പ്പടെയുള്ള സമസ്ത മേഖലകളിലും കര്‍ഷകര്‍ക്ക് അനുകൂലമായി മാറുന്ന ബജറ്റാണെങ്കിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സര്‍ക്കാരിന് ആത്മവിശ്വാസത്തോടെ നേരിടാന്‍ സാധിക്കൂ.