റെയില്‍വേ വിഹിതത്തില്‍ 20% വര്‍ധനയുണ്ടായേക്കും
- സ്റ്റേഷന്‍ നവീകരണത്തിനും ആധുനിക ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും
- പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സാധ്യമാകുമെന്ന് പ്രതീക്ഷ
കേന്ദ്ര ബജറ്റില്‍ റെയില്‍വേ വിഹിതത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായേക്കും. സ്റ്റേഷന്‍ നവീകരണത്തിനും ആധുനിക ട്രെയിനുകള്‍ നിര്‍മ്മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് നീക്കം.
നടപ്പുവര്‍ഷത്തെ ഫണ്ടുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍, ബജറ്റില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് 2026 സാമ്പത്തിക വര്‍ഷത്തേക്കുള്ള മൂലധന ചെലവ് വിഹിതത്തില്‍ 15 മുതല്‍ 20 ശതമാനം വരെ വര്‍ധയുണ്ടായേക്കാം. ഇത് ദേശീയ ഗതാഗതത്തിനുള്ള മൊത്തം മൂലധന ചെലവ് വിഹിതം നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ അനുവദിച്ച 2.65 ലക്ഷം കോടിയില്‍ നിന്ന് 3 ലക്ഷം കോടി രൂപയായി വര്‍ധിക്കും.
അധിക വിഹിതം പുതിയ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ നവീകരിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ലോക്കോമോട്ടീവുകള്‍, വാഗണുകള്‍, കോച്ചുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള റോളിംഗ് സ്റ്റോക്ക് വാങ്ങുന്നതിനും ചെലവഴിക്കും. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ഈ സാമ്പത്തിക വര്‍ഷത്തില്‍ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 6.4 ശതമാനമായി കുറയുമെന്നാണ് കണക്കാക്കുന്നത്.
പൊതു സ്വകാര്യ പങ്കാളിത്തത്തില്‍ റെയില്‍വേയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷ. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റെയില്‍വേ പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ 10,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് നേടിയത്. ഇതില്‍ 90% ജനുവരി പകുതിയോടെ പൂര്‍ത്തിയാക്കിയിരുന്നു.