ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലക്ക് പ്രധാന്യം ലഭിക്കുമെന്ന് പ്രതീക്ഷ
- കൂടുതല്‍ പേരിലേക്ക് ഇന്‍ഷുറന്‍സ് കവറേജ് എത്തണം
- സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തണം
- ആയുഷ്മാന്‍ ഭാരത് പോലുള്ള സ്‌കീമുകള്‍ക്ക് കീഴില്‍ പരിരക്ഷ ശക്തിപ്പെടുത്തണം
വരാനിരിക്കുന്ന യൂണിയന്‍ ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് കാര്യമായ പരിഗണന ലഭിക്കുമെന്ന് പ്രതീക്ഷ. ആയുഷ്മാന്‍ ഭാരത്, ഇന്‍ഷുറന്‍സ് വ്യാപനം, ആരോഗ്യ സംരക്ഷണത്തിന് ഊന്നല്‍, ആരോഗ്യ പരിരക്ഷാ പദ്ധതികളുടെ വിപുലീകരണം തുടങ്ങിയവയാണ് മേഖല ബജറ്റില്‍നിന്നും പ്രതീക്ഷിക്കുന്നത്.
പൗരന്മാരുടെ ആരോഗ്യത്തിനും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്നതിന് ബജറ്റ് ധീരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് വിറ്റസ് കെയര്‍ സ്ഥാപകന്‍ പങ്കജ് ടണ്ടന്‍ ആവശ്യപ്പെട്ടു. അതിനായി സാര്‍വത്രിക ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുക, ചെലവുകള്‍ കുറയ്ക്കുക, രോഗചികിത്സക്കായി ശക്തമായ ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കുക എന്നിവ ഉണ്ടാകേണ്ടതുണ്ട്.
ആയുഷ്മാന്‍ ഭാരത് പോലുള്ള സ്‌കീമുകള്‍ക്ക് കീഴിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ശക്തിപ്പെടുത്തണം. ഡയാലിസിസ് പോലുള്ള ജീവന്‍ നിലനിര്‍ത്തുന്ന ചികിത്സകള്‍ ഉള്‍പ്പെടുത്തുന്നതിന് ഊന്നല്‍ നല്‍കണം. രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന് ഇത് സഹായകമാകും.
കൂടാതെ ഇന്‍ഷുറന്‍സില്‍ കൂടുതല്‍ ജനങ്ങളെ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് ഗ്രാമീണ പ്രദേശങ്ങളില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിപുലീകരിക്കുന്നത്, പരിചരണ വിതരണത്തിലെ അസമത്വം പരിഹരിക്കാന്‍ സഹായിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തി.
താഴ്ന്ന വരുമാനമുള്ള കുടുംബങ്ങള്‍ക്ക് പ്രീമിയം സബ്സിഡി നല്‍കുകയും സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ഡയാലിസിസ് ഉള്‍പ്പെടെയുള്ള നിര്‍ണായക ആരോഗ്യ സേവനങ്ങള്‍ താങ്ങാനാവുന്നതും ആക്‌സസ് ചെയ്യാവുന്നതുമാണെന്ന് ഉറപ്പാക്കും.
പൊതുജനാരോഗ്യരംഗത്തെ ഇന്‍ഫ്രാസ്ട്രക്ചര്‍, തൊഴില്‍ സേന പരിശീലനം, ആരോഗ്യ നവീകരണത്തിലെ ഡിജിറ്റലൈസേഷന്‍ എന്നിവയില്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും ടണ്ടന്‍ പറഞ്ഞു. പരിചരണത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായകമാകുമെന്നും അദ്ദേഹം വിലയിരുത്തുന്നു.
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലെ ടാക്‌സ് കുറയ്ക്കുന്നതുപോലെയുള്ള നടപടികള്‍ കവറേജ് കൂടുതല്‍ പേരിലേക്ക് എത്താന്‍ സഹായകമാകും. നികുതികുറയ്ക്കാനുള്ള തീരുമാനം പല തവണയായി സര്‍ക്കാര്‍ നീട്ടിവെക്കുകയാണ്.