ജീവിതത്തില്‍ വായിച്ചത് ആകെ രണ്ട് ബുക്കുകളെന്ന് പേടിഎം സിഇഒ; ഇവയാണ് ആ പുസ്തകങ്ങള്‍

  • 45 വയസ്സ് തികയുന്നതിന് മുമ്പ് വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളുടെ പട്ടികയ്ക്കുള്ള മറുപടി എന്ന നിലയിലാണ് പുസ്തക വായനയെക്കുറിച്ചു ട്വീറ്റ് ചെയ്തത്
  • താന്‍ സ്‌കൂളിലായിരുന്നപ്പോള്‍ സഹോദരിയുടെ ബിഎ/ എംഎ പുസ്തകങ്ങള്‍ വായിച്ചിരുന്ന കാര്യവും ശര്‍മ ഓര്‍മിച്ചു
  • തന്റെ റീഡിംഗ് സ്‌കില്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശര്‍മ പറഞ്ഞു

Update: 2023-06-14 10:34 GMT

ജീവിതത്തില്‍ വിജയം വരിച്ചവര്‍ നല്ല വായനക്കാരായിരിക്കുമെന്നാണു പൊതുവേ കരുതപ്പെടുന്നത്. പക്ഷേ, ഇത് എല്ലാവരുടെയും കാര്യത്തില്‍ ശരിയാകണമെന്നുമില്ല. ഇക്കാര്യം ശരിവയ്ക്കുകയാണ് പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ.

താന്‍ പുസ്തക പ്രേമിയായിരുന്നില്ലെന്നും പ്ലസ്ടുവിനു ശേഷം ഇതുവരെ ആകെ രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിച്ചിട്ടുള്ളതെന്നും വിജയ് ശേഖര്‍ ശര്‍മ പറഞ്ഞു.

സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രവും, ജാക്ക് വെല്‍ക്ക് (Jack Welch) രചിച്ച സ്‌ട്രെയിറ്റ് ഫ്രം ദ ഗട്ടുമാണ് പേടിഎം സിഇഒ വായിച്ച രണ്ട് പുസ്തകങ്ങള്‍.

' പുസ്തകങ്ങള്‍ വായിക്കുന്നതില്‍ ഞാന്‍ വളരെ മോശമാണ്. എനിക്ക് 45- വയസ്സായി. ഏതാനും അധ്യായങ്ങള്‍ വായിച്ചിട്ടുള്ള ഒരേയൊരു പുസ്തകം ' പണത്തിന്റെ മനശാസ്ത്രം ' (Psychology of Money) ആണ്. 12-ാം ക്ലാസിനു ശേഷം ഞാന്‍ രണ്ട് പുസ്തകങ്ങള്‍ മാത്രമാണ് വായിച്ചിട്ടുള്ളത്. സ്റ്റീവ് ജോബ്‌സിന്റെ ജീവചരിത്രവും, സ്‌ട്രെയിറ്റ് ഫ്രം ദ ഗട്ടുമാണ് ആ രണ്ട് പുസ്തകങ്ങള്‍ ' -വിജയ് ശേഖര്‍ ശര്‍മ ട്വിറ്ററില്‍ കുറിച്ചു.

45 വയസ്സ് തികയുന്നതിന് മുമ്പ് വായിച്ചിരിക്കേണ്ട 10 പുസ്തകങ്ങളുടെ പട്ടികയ്ക്കുള്ള മറുപടി എന്ന നിലയിലാണ് വിജയ് ശേഖര്‍ ശര്‍മ പുസ്തക വായനയെക്കുറിച്ചു ചൊവ്വാഴ്ച ട്വീറ്റ് ചെയ്തത്.

കൂടുതല്‍ പുസ്തകങ്ങള്‍ വായിക്കാനും ആസ്വദിക്കാനും കഴിയും വിധം തന്റെ റീഡിംഗ് സ്‌കില്‍ മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ശര്‍മ പറഞ്ഞു.

താന്‍ പഠിച്ച വിഷയങ്ങളുമായി ബന്ധമില്ലാത്തവയാണെങ്കില്‍ പോലും അക്കാദമിക് പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടമാണെന്നു പേടിഎം സിഇഒ പറഞ്ഞു. പുതിയ കാര്യങ്ങള്‍ പഠിക്കാനും അറിവ് വികസിപ്പിക്കാനും വായന സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.

താന്‍ സ്‌കൂളിലായിരുന്നപ്പോള്‍ തന്റെ പഠനവിഷയമല്ലാതിരുന്നിട്ടു കൂടി സഹോദരിയുടെ ബിഎ/ എംഎ പുസ്തകങ്ങള്‍ വായിച്ചിരുന്ന കാര്യവും ശര്‍മ ഓര്‍മിച്ചു.

പുസ്തകവായനയെ കുറിച്ചുള്ള ശര്‍മയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ വൈവിധ്യമാര്‍ന്ന പ്രതികരണങ്ങളുണ്ടാക്കി.

 വായനാശീല വളര്‍ത്തിയെടുക്കാന്‍ ഒരിക്കലും വൈകിയിട്ടില്ലെന്ന് ചിലര്‍ കമന്റ് ചെയ്തു. ചിലര്‍ വായിക്കാനുള്ള പുസ്തകങ്ങളും ശുപാര്‍ശ ചെയ്തു.

ഒരു വ്യക്തി എഴുതിയത് ഇങ്ങനെ:

'ഏകാന്ത തലത്തിലുള്ളൊരുആനന്ദമാണ് വായന സമ്മാനിക്കുന്നത്. എന്നാല്‍ മറ്റുള്ളവരുമായി വായന അറിവ് പങ്കിടുമ്പോള്‍ അത് കൂടുതല്‍ സമ്പന്നമാകും. പുസ്തകങ്ങളോടുള്ള നിങ്ങളുടെ അഭിനിവേശം പങ്കിടുന്ന സമാന ചിന്താഗതിക്കാരായ വ്യക്തികളെ അന്വേഷിക്കുക. നിങ്ങള്‍ക്ക് ഒരുമിച്ച് സാഹിത്യ ഭൂപ്രകൃതികള്‍ പര്യവേക്ഷണം ചെയ്യാനും കൂട്ടായ യാത്ര ആരംഭിക്കാനും കഴിയും '.

Tags:    

Similar News