തട്ടിപ്പുകാരെ പറ്റിക്കാൻ എ.ഐ. അമ്മൂമ്മ!
- ഡെയ്സി ഉപയോഗിക്കുന്നത് സ്കാംബെയ്റ്റിങ് എന്ന തന്ത്രം
- ഓരോ ആഴ്ചയും അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ തട്ടിപ്പിനിരയാകുന്നു
സാങ്കേതിക വിദ്യയുടെ പുരോഗതിയോടൊപ്പം സൈബർ ഭീഷണിയും വർധിച്ചു കൊണ്ടിരിക്കുന്നു. ഇതിൽ പ്രധാനമാണ് ഫോൺ കോൾ, ടെക്സ്റ്റ് മെസ്സേജ് വഴിയുള്ള തട്ടിപ്പുകൾ. യഥാർത്ഥവും വ്യാജവുമായ സന്ദേശങ്ങൾ തമ്മിൽ വേർതിരിച്ചറിയുന്നത് ഇന്ന് വളരെ പ്രയാസകരമാണ്. ഈ പ്രശ്‌നം പരിഹരിക്കാൻ ബ്രിട്ടീഷ് ടെലികോം കമ്പനിയായ വെർജിൻ മീഡിയ O2 ഒരു നൂതന പരിഹാരം കണ്ടെത്തിയിരിക്കുന്നു. തട്ടിപ്പുകാരെ കൈകാര്യം ചെയ്യാൻ ഡെയ്സി എന്ന ഒരു എഐ ചാറ്റ്ബോട്ട് നിർമ്മിച്ചിരിക്കുകയാണ് കമ്പനി.
യു.കെയില്‍ സ്‌കാം കോളുകളുടെ എണ്ണത്തില്‍ കുത്തനെയുള്ള വര്‍ധന രേഖപ്പെടുത്തിയ സാഹചര്യത്തിൽ ആണ് എഐ അമ്മൂമ്മയുടെ വരവ്. ഓരോ ആഴ്ചയും അഞ്ചില്‍ ഒരു ബ്രിട്ടീഷ് പൗരന്‍ തട്ടിപ്പിനിരയാകുന്നു എന്നാണ് റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.
എന്നാൽ, സാങ്കേതിക പരിജ്ഞാനമില്ലാത്ത മുതിർന്ന പൗരന്മാരെ പറ്റിക്കാം എന്ന് വിചാരിക്കുന്ന തട്ടിപ്പുകാര്‍ യഥാർത്ഥത്തിൽ ഇപ്പോൾ കുടിങ്ങിയിരിക്കുകയാണ്. ഡെയ്സി ഉപയോഗിക്കുന്നത് സ്കാംബെയ്റ്റിങ് എന്ന തന്ത്രമാണ്. തട്ടിപ്പുകാരെ ശരിയായ ഇരയെന്നു വിശ്വസിപ്പിച്ച് അവരുടെ സമയം പാഴാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഡെയ്സി അമ്മൂമ്മ തട്ടിപ്പുകാരുമായി നിർത്താതെ സംസാരിക്കുകയും അവരെ അർത്ഥശൂന്യമായ സംഭാഷണങ്ങളിൽ പിടിച്ചിരുത്തുകയും ചെയ്യുന്നു, അത് ഒടുവിൽ തട്ടിപ്പ്കാരെ നിരാശരാക്കുന്നു. സംഭാഷണം ശ്രദ്ധിക്കാനും ടെക്സ്റ്റായി പരിവർത്തനം ചെയ്യാനും കൂടാതെ ഒരു കസ്റ്റം ഭാഷാ മോഡൽ ഉപയോഗിച്ച് പ്രതികരിക്കാനും ഡെയ്സി അത്യാധുനിക എഐ സിസ്റ്റങ്ങൾ ഉപയോഗിക്കുന്നു.
24 മണിക്കൂറും ജോലി ചെയ്യുന്ന എ.ഐ. അമ്മൂമ്മ
കമ്പനി യൂട്യൂബിൽ പങ്കിട്ട വീഡിയോയിൽ, കണ്ണട വെച്ചിട്ടുള്ള സുനന്ദരിയായ ഡെയ്സി അമൂമ്മ തട്ടിപ്പുകാരുടെ പദ്ധതികൾ തകിടം മറിക്കുന്നത് കാണാം. സെൻസിറ്റീവ് വിവരങ്ങൾ നൽകുന്നതിന് പകരം, അവൾ തന്റെ പൂച്ച ഫ്ലഫിയെക്കുറിച്ചുള്ള രസകരമായ കഥകൾ, ഹോബികൾ അല്ലെങ്കിൽ കുടുംബാംഗങ്ങളെ കുറിച്ചും സംസാരിക്കുന്നു. ഇതിനിടയിൽ, തട്ടിപ്പുകാരന്റെ ശൈലിയും മറ്റു വിവരങ്ങളും ശേഖരിക്കുകയും ചെയ്യും.
ചിലപ്പോൾ അവർ അവരെ കൂടുതൽ ആശയക്കുഴപ്പത്തിലാക്കാൻ വ്യാജ ബാങ്ക് വിവരങ്ങൾ പങ്കിടുകയും ചെയ്യുന്നു. "അവർ എന്നോട് സംസാരിക്കുന്നതിൽ അമിതമായി സമയം ചെലവഴിക്കുമ്പോൾ നിങ്ങളെ വഞ്ചിക്കാൻ കഴിയില്ല. ഡിയർ, എനിക്ക് എപ്പോഴും സമയമുണ്ട്," ഡെയ്സി വീഡിയോയിൽ പറയുന്നു.
എ.ഐ. ചാറ്റ്ബോട്ട് ആയതിനാൽ, ഡെയ്സി 24 മണിക്കൂറും ഏഴു ദിവസവും തട്ടിപ്പുകാരെ നേരിടാൻ തയ്യാറാണ്. ഒരു തട്ടിപ്പുകാരനെ 40 മിനിട്ട് വരെ 'സംസാരത്തിലൂടെ പിടിച്ച് നിർത്താൻ ഡെയ്‌സിക്ക് കഴിയും. ഇതിനകം തന്നെ ഡെയ്‌സി അമ്മൂമ്മ തട്ടിപ്പുകാരെ സംബന്ധിച്ചിടത്തോളം വിലയേറിയ നൂറുകണക്കിന് മണിക്കൂറുകൾ പാഴാക്കി കളഞ്ഞിട്ടുണ്ടെന്നാണ് വിർജിൻ മീഡിയ O2 കമ്പനി പറയുന്നത്.
ഇങ്ങനെ ഡെയ്സി അമ്മൂമ്മ തട്ടിപ്പുകാരെ സംഭാഷണത്തിലൂടെ തളർത്തുകയും, സമയം പാഴാക്കുന്നതിലൂടെ, അവർക്ക് മറ്റുള്ളവരെ വഞ്ചിക്കുവാനുള്ള അവസരം നഷ്ടമാക്കി കളയുന്നു. ഡെയ്സി ശേഖരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് തട്ടിപ്പുകളെക്കുറിച്ച് കൂടുതൽ അറിയാനും അവ തടയാനുമുള്ള നടപടികൾ സ്വീകരിക്കാനും സാധിക്കുന്നു. ഡെയ്‌സി ചെയ്യുന്ന ജോലി മറ്റുള്ളവർക്ക് തട്ടിപ്പുകളെ കുറിച്ച് ബോധവൽക്കരണം നൽകുകയും അവർ തട്ടിപ്പിന് ഇരയാകാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. സാങ്കേതികവിദ്യ ഉപയോഗിച്ച് തട്ടിപ്പുകാരെ നേരിടാൻ കഴിയുമെന്നാണ് ഡെയ്സി അമ്മൂമ്മ തെളിയിച്ചിരിക്കുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള ക്രിയേറ്റീവ് ഏജൻസിയായ വിസിസിപി ഫെയ്ത്ത്, അവരുടെ ടീം അംഗങ്ങളിൽ ഒരാളുടെ മുത്തശ്ശിയെ പ്രചോദനമാക്കി ചാറ്റ്ബോട്ടിനായി അവരുടെ ശബ്ദം വികസിപ്പിച്ചെടുത്തു. വെർജിൻ മീഡിയ O2- ഡെയ്സിയുടെ നമ്പർ തട്ടിപ്പുകാരുടെകോൺടാക്റ്റ് ലിസ്റ്റിൽ ചേർക്കുകയും ചെയ്തു. ഇതിനകം തന്നെ, തട്ടിപ്പു സംഭവങ്ങളെ നേരിടുന്നതിനുള്ള കമ്പനിയുടെ പ്രേത്യേക നടപടിയെ പ്രശംസിച്ച് നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ രംഗത്ത് വന്നിട്ടുണ്ട്.