റെക്കോഡിട്ട് മൈക്രോസോഫ്റ്റ് മൂല്യം 2.6 ട്രില്യന്‍ ഡോളറില്‍
- എഐ സാധ്യതകളെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ട് നിക്ഷേപകരില്‍ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചത് മൈക്രോസോഫ്റ്റിന് ഗുണകരമായി തീര്‍ന്നു.
- മൈക്രോസോഫ്റ്റിന്റെ ഓഹരി വ്യാഴാഴ്ച 3.2 ശതമാനം ഉയര്‍ന്ന് 348.10 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്
- ഇതിനു മുമ്പ് മൈക്രോസോഫ്റ്റിന്റെ റെക്കോര്‍ഡ് ക്ലോസിംഗ് 2021 നവംബര്‍ 19നായിരുന്നു രേഖപ്പെടുത്തിയത്
2.6 ട്രില്യന്‍ ഡോളറിന്റെ മൂല്യമുള്ള കമ്പനിയെന്ന നേട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് മൈക്രോസോഫ്റ്റ്. ജൂണ്‍ 15 വ്യാഴാഴ്ച മൈക്രോസോഫ്റ്റിന്റെ ഓഹരികള്‍ റെക്കോഡ് ഉയരത്തിലേക്ക് എത്തിയതോടെയാണ് മൈക്രോസോഫ്റ്റ് ഈ നേട്ടം കരസ്ഥമാക്കിയത്. മൈക്രോസോഫ്റ്റിന്റെ ഓഹരി വ്യാഴാഴ്ച 3.2 ശതമാനം ഉയര്‍ന്ന് 348.10 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇതിനു മുമ്പ് മൈക്രോസോഫ്റ്റിന്റെ റെക്കോര്‍ഡ് ക്ലോസിംഗ് 2021 നവംബര്‍ 19നായിരുന്നു രേഖപ്പെടുത്തിയത്. 343.11 ഡോളറായിരുന്നു അന്ന് ക്ലോസ് ചെയ്തപ്പോഴുള്ള വില.
2023-ലുടനീളം മൈക്രോസോഫ്റ്റ് ഓഹരികള്‍ ശ്രദ്ധേയമായ വളര്‍ച്ചയാണ് കൈവരിച്ചത്. ഓഹരി മൂല്യം 45 ശതമാനത്തിലധികം വര്‍ധിച്ചു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകളെ ചുറ്റിപ്പറ്റിയുള്ള റിപ്പോര്‍ട്ട് നിക്ഷേപകരില്‍ ശുഭാപ്തിവിശ്വാസം ജനിപ്പിച്ചത് മൈക്രോസോഫ്റ്റിന് ഗുണകരമായി തീര്‍ന്നു.
സോഫ്റ്റ്വെയര്‍ ഇന്‍ഡസ്ട്രിയില്‍ എഐ സാങ്കേതികവിദ്യയെ വളര്‍ത്തിയെടുക്കുന്നതില്‍ മുന്‍നിരക്കാരനായി അംഗീകരിക്കപ്പെട്ടവരാണ് മൈക്രോസോഫ്റ്റ്. ചാറ്റ്ജിപിടിയുടെ ഉടമസ്ഥരായ ഓപ്പണ്‍എഐയില്‍ ഗണ്യമായ നിക്ഷേപമാണ് മൈക്രോസോഫ്റ്റ് നടത്തിയിരിക്കുന്നത്. സാന്‍ ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള ഒരു സ്റ്റാര്‍ട്ടപ്പാണ് ഓപ്പണ്‍എഐ. ഇന്ന് ലോകത്തില്‍ പരക്കെ അംഗീകരിക്കപ്പെട്ട ചാറ്റ്‌ബോട്ട് കൂടിയാണ് ചാറ്റ്ജിപിടി.
ഗൂഗിളിന്റെ ആധിപത്യത്തെ വെല്ലുവിളിക്കാന്‍ ശ്രമിക്കുന്ന ഒരു നീക്കത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം, അസ്യുര്‍ (Azure ) ക്ലൗഡ് സേവനങ്ങളിലേക്കും അതിന്റെ സെര്‍ച്ച് എഞ്ചിനായ Bing-ലേയ്ക്കും ചാറ്റിജിപിടി ഉള്‍പ്പെടെയുള്ളവയിലേക്കും എഐ അപ്ഗ്രേഡുകളുടെ ഒരു വലിയ നിര തന്നെ മൈക്രോസോഫ്റ്റ്പുറത്തിറക്കിയിരുന്നു. വിപണിമൂല്യത്തിന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റിനു മുന്‍പിലുള്ള ടെക് കമ്പനി ആപ്പിളാണ്. 2.89 ട്രില്യന്‍ ഡോളറാണ് ആപ്പിളിന്റെ കണക്കാക്കുന്ന മൂല്യം. കാലിഫോര്‍ണിയയിലെ ക്യൂപര്‍ട്ടിനോ ആസ്ഥാനമായ കമ്പനി 2022-ല്‍ വരുമാനം അടിസ്ഥാനമാക്കിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയെന്ന പദവി അലങ്കരിക്കുന്നു. 2022-ലെ കമ്പനിയുടെ വരുമാനം 394.3 ബില്യന്‍ യുഎസ് ഡോളറാണ്.
വാഷിംഗ്ടണിലെ റെഡ്‌മോണ്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മള്‍ട്ടിനാഷണല്‍ ടെക്‌നോളജി കോര്‍പറേഷനാണ് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് നിരയിലുള്ള ഓപ്പറേറ്റിംഗ് സോഫ്റ്റ്‌വെയറുകളാണ് മൈക്രോസോഫ്റ്റിന്റെ അറിയപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍. മൈക്രോസോഫ്റ്റ് ഓഫീസ് സ്യൂട്ട് (Microsoft Office suite), ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, എഡ്ജ് വെബ് ബ്രൗസര്‍ എന്നിവയും മൈക്രോസോഫിറ്റിന്റേതാണ്. എക്‌സ്‌ബോക്‌സ് വീഡിയോ ഗെയിം കണ്‍സോള്‍ (Xbox video game consolse), മൈക്രോസോഫ്റ്റ് സര്‍ഫസ് ടച്ച്‌സ്‌ക്രീന്‍ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ എന്നിവയാണ് മൈക്രോസോഫ്റ്റിന്റെ മുന്‍നിര ഹാര്‍ഡ്‌വെയര്‍ ഉല്‍പ്പന്നങ്ങള്‍.