ഗാലക്സി എഫ് 34 5ജി ഏഴുമുതല്‍ ലഭ്യമാകും
- ട്രിപ്പിള്‍ ക്യാമറ സംവിധാനമുള്ള മികച്ച മോഡല്‍
- വിപണിയില്‍ മേധാവിത്വം നേടാന്‍ സാംസങിന്റെ ശ്രമം
ഗാലക്സി എഫ് 34 5 ജി മോഡലുമായി സാംസങ് ഇന്ത്യ. ഈ മോഡല്‍ ഓഗസ്റ്റ് ഏഴുമുതല്‍ രാജ്യത്ത് ലഭ്യമാകും. ഇന്ത്യയില്‍ എഫ് സീരീസ് സ്മാര്‍ട്ട്ഫോണ്‍ ശ്രേണി വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഉല്‍പ്പന്നം വിപണിയിലേക്ക് എത്തുന്നത്.
ട്രിപ്പിള്‍ ക്യാമറ സംവിധാനമുള്ളതാണ് പുതിയ മോഡല്‍. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉള്ള ക്യാമറ 50എംപിയുടേതാണ്. കൈ വിറയലോ ആകസ്മികമായ കുലുക്കമോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാകും. പ്രകാശം കുറഞ്ഞ അവസരത്തില്‍ പോലും മികച്ച ഫോട്ടോകള്‍ ഈ മോഡല്‍ ഉറപ്പുതരുന്നതായി കമ്പനി പറയുന്നു.
ഇലക്ട്രിക് ബ്ലാക്ക്, മിസ്റ്റിക് ഗ്രീന്‍ എന്നീ രണ്ട് പുതിയ നിറങ്ങളില്‍ ഇത് ലഭിക്കും. ഡിസ്പ്ലേ ഗൊറില്ല ഗ്ലാസ് 5 ഉപയോഗിച്ച് പരിരക്ഷിക്കപ്പെടുന്നതാണ്. ഫോണിന്റെ സ്‌ക്രീനില്‍ വിഷന്‍ ബൂസ്റ്റര്‍ സാങ്കേതികവിദ്യയും നീല വെളിച്ച പരിരക്ഷയുള്ള 1000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസും ഫീച്ചര്‍ ചെയ്യും. 6000 എംഎഎച്ചിന്റെ മികച്ച ബാറ്ററിലൈഫ് വാഗ്ദാനം ചെയ്യുന്ന മോഡലാണിത്. രണ്ടുദിവസം വരെ നീണ്ടുനില്‍ക്കുന്ന ബാറ്ററിലൈഫാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കടുത്ത മത്സരമാണ് ഇന്നുള്ളത്. എല്ലാ കാറ്റഗറിയിലും ഉള്‍പ്പെട്ട ഉപഭോക്താക്കളെ നിലനിര്‍ത്തുന്നതിനായി വിവിധ പ്രത്യേകതകള്‍ ഉള്ള ഫോണുകള്‍ പുറത്തിറക്കുന്നതില്‍ സാംസങ് എന്നും മുന്‍പന്തിയിലാണ്. കൂടാതെ ഇന്ത്യയിലെ സൂപ്പര്‍ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 50ശതമാനം വിപണി വിഹിതം നേടുന്നതിനായുള്ള ശ്രമങ്ങള്‍ കമ്പനി നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ഗാലക്സി ഫോള്‍ഡ് 5, ഗാലക്സി ഫ്‌ലിപ്പ് 5 എന്നീ മോഡലുകള്‍ കമ്പനി പുറത്തിറക്കിയത്. ഈ മോഡലുകള്‍ ആയിരം യുഎസ് ഡോളറിനുമുകളില്‍ വിലയുള്ളവയാണ്. നിലവില്‍ ആപ്പിളാണ് ഈ മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. ഇതിനോടൊപ്പം മധ്യ, ഇടത്തരം ഉപഭോക്താക്കളെയും കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ മികച്ച സ്മാര്‍ട്ടുഫോണുകള്‍ താഴെത്തട്ടുകളിലേക്ക് അവതരിപ്പിക്കുന്നത്. എല്ലാവിഭാഗത്തിലും ഉള്‍പ്പെട്ട ഉപഭോക്താക്കളെ കൂടെ നിര്‍ത്താനാകുന്നു എന്നത് കമ്പനിയുടെ പ്രത്യേകതയായി വിലയിരുത്തുന്നു.