ടെക് ഭീമന്മാരെ നിയന്ത്രിക്കുന്ന ' ഡാറ്റാ ആക്ട് ' വരുന്നു

  • ഡാറ്റാ ആക്ട് സംബന്ധിച്ച കരാര്‍ ഇയുവിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ ത്വരിതപ്പെടത്തും
  • ഡാറ്റ കൈവശമുള്ളവര്‍ (data holders) അത് ദുരുപയോഗം ചെയ്യുന്നത് തടയുന്നതും ഡാറ്റാ ആക്ട് ഉറപ്പാക്കുന്നു
  • ഡിജിറ്റല്‍ ഇടം പുനര്‍നിര്‍മിക്കുന്നതിലെ ഒരു നാഴികക്കല്ലാണ് ഡാറ്റാ ആക്ടുമായി ബന്ധപ്പെട്ട ഇയു രാജ്യങ്ങളുമായുള്ള കരാര്‍

Update: 2023-06-28 05:02 GMT

ടെക് ഭീമന്മാരുടെ ശക്തി നിയന്ത്രിക്കുന്നതിനൊപ്പം സ്മാര്‍ട്ട് ഗാഡ്‌ജെറ്റുകളും മറ്റ് ഉപഭോക്തൃ ഉല്‍പ്പന്നങ്ങളും സൃഷ്ടിക്കുന്ന ഡാറ്റയില്‍ വ്യക്തികള്‍ക്കും ബിസിനസ്സ് സ്ഥാപനങ്ങള്‍ക്കും കൂടുതല്‍ അധികാരം നല്‍കുന്ന ഡാറ്റാ ആക്ട് നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ (ഇയു) രാജ്യങ്ങള്‍ സമ്മതിച്ചു.

' ഡിജിറ്റല്‍ ഇടം പുനര്‍നിര്‍മിക്കുന്നതിലെ ഒരു നാഴികക്കല്ലാണ് ഡാറ്റാ ആക്ടുമായി ബന്ധപ്പെട്ട ഇയു രാജ്യങ്ങളുമായുള്ള കരാര്‍. നൂതനവും തുറന്ന മനസ്സോടെയുള്ളതുമായൊരു ഡാറ്റാ സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനുള്ള പാതയിലാണ് ഞങ്ങള്‍ ' -ഇയു കമ്മീഷണര്‍ തിയറി ബ്രെട്ടന്‍ ജൂണ്‍ 27 ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

ഡാറ്റാ ആക്ട് സംബന്ധിച്ച കരാര്‍ ഇയുവിന്റെ ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷനെ ത്വരിതപ്പെടത്തും. ഡാറ്റാ ആക്ട് പ്രാബല്യത്തില്‍ വന്നുകഴിഞ്ഞാല്‍ അത് ഡാറ്റയുടെയും സാങ്കേതികവിദ്യകളുടെയും സാമ്പത്തികവും സാമൂഹികവുമായ സാധ്യതകള്‍ തുറന്നു നല്‍കുമെന്നും സ്വീഡിഷ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ മന്ത്രി എറിക് സ്ലോട്ട്‌നര്‍ പറഞ്ഞു.

കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ യൂണിയന്‍ പറയുന്നതനുസരിച്ച്, സ്മാര്‍ട്ട് ഒബ്ജക്റ്റുകള്‍, മെഷീനുകള്‍, ഉപകരണങ്ങള്‍ എന്നിവയിലൂടെ സൃഷ്ടിക്കുന്ന ഡാറ്റയില്‍ വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും കൂടുതല്‍ നിയന്ത്രണം ഡാറ്റ ആക്ട് അനുവദിക്കുന്നു. വ്യക്തികളെയും കമ്പനികളെയും അവരുടെ കണക്റ്റുചെയ്ത ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്ന ഡാറ്റ ഉപയോഗിച്ച് എന്തൊക്കെ ചെയ്യാമെന്ന് നിര്‍ദേശിക്കാനുള്ള അധികാരവും അത് അനുവദിക്കുന്നു.

വെള്ളപ്പൊക്കമോ കാട്ടുതീയോ പോലുള്ള പൊതു അടിയന്തര സാഹചര്യങ്ങളില്‍ സ്വകാര്യ കമ്പനികളുടെ കൈവശമുള്ള ഡാറ്റ ആക്സസ് ചെയ്യാന്‍ കൗണ്‍സില്‍ ഓഫ് യൂറോപ്യന്‍ യൂണിയന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, യൂണിയന്‍ ബാങ്കുകള്‍ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളെ പുതിയ ഡാറ്റാ നിയമം അനുവദിക്കും.

സ്മാര്‍ട്ട് ഗാഡ്‌ജെറ്റുകള്‍, മെഷിനറികള്‍, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ എന്നിവയിലെ ഡാറ്റയ്ക്കു മേല്‍ നിയന്ത്രണം കൈവരിക്കാന്‍ സഹായിക്കുന്ന ഡാറ്റ ആക്ട് കഴിഞ്ഞ വര്‍ഷമാണു യൂറോപ്യന്‍ കമ്മീഷന്‍ നിര്‍ദേശിച്ചത്.

യൂറോപ്യന്‍ യൂണിയനില്‍ സൃഷ്ടിക്കുന്ന ഡാറ്റ ആര്‍ക്കൊക്കെ ആക്‌സസ് ചെയ്യാമെന്നും ഉപയോഗിക്കാമെന്നും സംബന്ധിച്ച നിയമങ്ങളാണ് ഡാറ്റാ ആക്ടിലുള്ളത്.

വാണിജ്യ രഹസ്യങ്ങളുടെയും ബൗദ്ധിക സ്വത്തവകാശങ്ങളുടെയും മതിയായ പരിരക്ഷയും, ഡാറ്റ കൈവശമുള്ളവര്‍ (data holders) അത് ദുരുപയോഗം ചെയ്യുന്നത് തടയുന്നതും ഡാറ്റാ ആക്ട് ഉറപ്പാക്കുന്നു.

Tags:    

Similar News